കാഞ്ഞങ്ങാട്: തര്‍ക്കത്തെതുടര്‍ന്ന് മുടങ്ങിയ ചാന്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ജലമേള വീണ്ടും നടക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍. ഇനി വീണ്ടും മത്സരം നടക്കില്ല എന്ന സൂചനയാണ് നിലവില്‍ അധികൃതരില്‍നിന്ന് ലഭിക്കുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നാല്‍ പിന്നീട് മത്സരം നടത്തിപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണം. ജില്ലയ്ക്ക് ആദ്യമായി ലഭിച്ച ചാന്പ്യന്‍സ് ബോട്ട് ലീഗ് മത്സരം ഇതോടെ പൂര്‍ണതയില്ലാതെ അവസാനിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഇതോടെ ടീമുകളും പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച ചെറുവത്തൂര്‍ അച്ചാംതുരുത്തി പുഴയിലാണ് സിബിഎല്‍ നടത്തിയത്. ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ മേള ചെറിയൊരു സാങ്കേതിക തകരാറുമൂലം ഫലപ്രാപ്തിയിലെത്താതെ അവസാനിക്കുന്ന സ്ഥിതിയാണ്. ജലമേളയുടെ രണ്ടാമത്തെ ഹീറ്റ്സില്‍ സമയ സൂചിക ബോര്‍ഡ് നിശ്ചലമായതാണ് തര്‍ക്കത്തിനും മത്സരം പാതിവഴിയില്‍ ഉപേക്ഷിക്കാനും കാരണമായത്. സാങ്കേതിക തകരാർ മൂലം സംഭവിച്ച പിഴവിന് വലിയ വില കൊടുക്കേണ്ടിവന്ന അവസ്ഥയാണിപ്പോള്‍. എം. രാജഗോപാലന്‍ എംഎല്‍എയുടെ ശ്രമകരമായ ഇടപെടല്‍വഴി ജില്ലയ്ക്ക് ലഭിച്ച ചാന്പ്യന്‍സ് ബോട്ട് ലീഗ് മത്സരം ഏറെ ആവേശത്തോടെയായിരുന്നു കായികപ്രേമികള്‍ ഏറ്റെടുത്തത്.
അതേസമയം സാങ്കേതികതകരാര്‍ മൂലം സംഭവിച്ച പ്രശ്നം പരിഹരിക്കുന്നതിന് ടീമുകള്‍ സഹകരിച്ചിരുന്നെങ്കില്‍ മേള നിര്‍ത്തിവയ്ക്കേണ്ട അവസ്ഥ വരില്ലായിരുന്നു എന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഇപ്പോള്‍ നിര്‍ത്തിവച്ച മത്സരം മറ്റൊരു ദിവസം നടത്തുമെന്ന് ടൂറിസം അധികൃതര്‍ പറഞ്ഞെങ്കിലും തീയതി പ്രഖ്യാപിച്ചിരുന്നില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നാല്‍ മത്സരം വീണ്ടും അവതാളത്തിലാകും.
മത്സരം നിര്‍ത്തിവച്ച സാഹചര്യത്തില്‍ സിബിഎല്ലില്‍ പങ്കെടുത്ത ടീമുകള്‍ക്ക് സമ്മാനങ്ങളും പ്രൈസ് മണിയും ലഭിക്കില്ല. മത്സരത്തില്‍ പങ്കെടുക്കുന്നതിന് ബോണസായി ലഭിക്കുന്ന തുകയും ടീമുകള്‍ക്ക് നല്‍കണമെന്ന് ആവശ്യമുണ്ട്. ഒരുലക്ഷം രൂപയാണ് ബോണസ് തുകയായി ലഭിക്കേണ്ടത്.
ജലമേളയില്‍ പങ്കെടുക്കാന്‍ വലിയ തുകയാണ് ഓരോ ടീമും ചെലവഴിച്ചത്. ഒരു ടീമില്‍ 10 പേരെ മറ്റുജില്ലകളില്‍നിന്ന് തുഴയാന്‍ കൊണ്ടുവരാം എന്നതിനാല്‍ അറുപതോളം തുഴച്ചില്‍കാരാണ് ആലപ്പുഴയില്‍നിന്നും മറ്റു ജില്ലകളില്‍നിന്നുമായി തുഴയാനെത്തിയത്. ദിവസം 1000 മുതല്‍ 1500 രൂപ വരെ ഇവര്‍ക്ക് നല്‍കണം.
Tags :