ആലുവ: കുടിവെള്ള കുപ്പി എറിഞ്ഞു കോൺഗ്രസ് നേതാവിന്റെ മൂക്കിന്റെ എല്ല് തകർത്ത കേസിൽ ജയിലിൽ പോയ സമരാനുകൂലിക്ക് സ്വീകരണം നൽകി സിപിഎം പ്രവർത്തകർ. ഇന്നലെ വൈകിട്ട് ആലുവ സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ കീഴ്മാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റസീന നജീബിന്റെ ഭർത്താവ് തോട്ടുമുഖം സ്വദേശി നജീബിനെയാണ് കായിക താരങ്ങളും സിപിഎം പ്രവർത്തകരും ചേർന്ന് ചുവപ്പു മാലയിട്ട് സ്വീകരിച്ചത്.
ആലുവ നഗരസഭ ഗ്രൗണ്ട് ടർഫാക്കുന്നതിനെതിരായ പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രാദേശിക നേതാവിന് പരിക്കേറ്റതോടെയാണ് നജീബ് റിമാൻഡിലായത്. ഒമ്പതാം ദിവസമാണ് ആലുവ കോടതി ജാമ്യം നൽകിയത്. ഇതിൽ ആഹ്ളാദിച്ചാണ് സബ് ജയിലിന് മുന്നിലുള്ള മുനിസിപ്പൽ ഗ്രൗണ്ടിൽ തന്നെ സ്വീകരണം ഒരുക്കിയത്.
കഴിഞ്ഞ 13ന് ഗ്രൗണ്ട് ടർഫാക്കുന്നതിന്റെ നിർമാണോദ്ഘാടനം നടന്ന വേദിയിലേക്കാണ് കായികതാരങ്ങളും സിപിഎം പ്രവർത്തകരും പ്രതിഷേധ മാർച്ച് നടത്തിയത്. ഉദ്ഘാടന ചടങ്ങിനു ശേഷം ഇരുവിഭാഗങ്ങളും തമ്മിലുമുണ്ടായ തർക്കത്തിനിടെ നടന്ന കുടിവെള്ള കുപ്പിയേറിൽ കോൺഗ്രസ് എടത്തല പഞ്ചായത്ത് മണ്ഡലം ജനറൽ സെക്രട്ടറി രാജീവ് ഭാസ്കറിന്റെ മൂക്കിനാണ് പരിക്കേറ്റത്.
Tags : CPM