ചവറ: മൊസാംബിക്കിലെ ബെയ്റാ തുറമുഖത്തിന് സമീപം ഉണ്ടായ ബോട്ട് അപകടത്തിൽ മരിച്ച തേവലക്കര നടുവിലക്കര ഗംഗ ഭവനിൽ രാധാകൃഷ്ണൻ - ഷീല ദമ്പതികളുടെ മകൻ ശ്രീരാഗി(36 ) ന്റെ മൃതദേഹം വീട്ടിലെത്തിച്ചു സംസ്കരിച്ചു.
മൊസാംബിക്കിൽ നിന്ന് മുംബൈ വിമാനത്താവളം വഴി മൃതദേഹം ഇന്നലെ രാവിലെ കൊച്ചിയിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്നും ആംബുലൻസ് മാർഗമാണ് ചവറ തേവലക്കരയിലെ വസതിയിൽ എത്തിച്ചത്.
ശ്രീരാഗിന് അന്ത്യോപചാരം നൽകുവാൻ നൂറുകണക്കിന് ആളുകളാണ് എത്തിയിരുന്നത്.ആറ് വയസ് പ്രായമുള്ള മകൾ അതിഥിയാണ് ശ്രീരാഗിന്റെ ചിതകയ്ക്ക് തീ കൊളുത്തിയത്.ഇറ്റലി ആസ്ഥാനമായുള്ള സ്കോർപിയോ ഷിപ്പിംഗ് കമ്പനിയിലെ സ്വീ ക്വസ്റ്റ് എന്ന കപ്പിലിലെ ഇലക്ട്രോ ഓഫീസർ ആയിരുന്നു മരണപ്പെട്ട ശ്രീരാഗ്. ഏഴു വർഷമായി കപ്പലിലാണ് ജോലി. മൊസാംബിക്കിൽ ജോലിയിൽ കയറിയിട്ട് മൂന്നു വർഷമായി. രണ്ടാമത്തെ കുഞ്ഞിനെയും ബന്ധുക്കളെയും കാണുവാൻ ആറുമാസത്തിനു മുമ്പാണ് ശ്രീരാഗ് നാട്ടിലെത്തിയത്. ഈ മാസം 13 നാണ് ജോലിക്കായി തിരികെ പോയത്.
മൊസാംബിക്കടുത്ത് ബെയ്റ എന്ന സ്ഥലത്ത് തുറമുഖത്തിനരികിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിലേക്ക് പോയ ഇന്ത്യക്കാരുള്‍പ്പെടെ 21 അംഗ സംഘം സഞ്ചരിച്ച ബോട്ടു മുങ്ങിയാണ് ശ്രീരാഗ് മരിച്ചത്.ഇതില്‍ 15 പേര് രക്ഷപ്പെട്ടിരുന്നു. തിരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹം നേരത്തെ കണ്ടു കിട്ടിയിരുന്നു.
അവശേഷിച്ച മൂന്നുപേര്‍ക്കായി തെരച്ചില്‍ നടത്തി വരുമ്പോൾ ആണ് ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തിയത്. ഏറെ പ്രതീക്ഷയോടെ കുടുംബത്തിനായി ജോലിക്ക് പോയ തങ്ങളുടെ പ്രിയപ്പെട്ട ശ്രീരാഗിന്റെ വിയോഗം ഉൾക്കൊള്ളുവാൻ ഉറ്റവർക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നു. കുടുംബത്തിന്റെ അത്താണിയാണ് മരിച്ച ശ്രീരാഗ്. ഭാര്യ :ജിത്തു. മക്കൾ:അതിഥി, അനശ്വർ (നാല് മാസം ).
Tags : Mozambique Kollam Homage