ചേർത്തുപിടിച്ച്...ബിജുവിന്റെ മാതാവിനെ റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എന്നിവർ ആശ്വസിപ്പിക്കുന്നു.
അടിമാലി: മണ്ണിടിച്ചിലിൽ മരണപ്പെട്ട ബിജുവിന്റെ സംസ്കാരം നടന്നു. നിനച്ചിരിക്കാതെ യുണ്ടായ ബിജുവിന്റെ വേർപാട് നാടിനാകെ വേദനയായി. മണ്ണിടിച്ചിലിൽ തകർന്ന വീടിനുള്ളിൽ കുടുങ്ങിയ ബിജുവിനെ മണിക്കൂറുകൾ നീണ്ടരക്ഷാ പ്രവർത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്. ദുരന്തമുണ്ടായതിന് സമീപമുള്ള തറവാട് വീട്ടിലായിരുന്നു ബിജുവിന്റെ സംസ്കാരച്ചടങ്ങുകൾ നടന്നത്. മണ്ണിടിച്ചിൽ ദുരന്തത്തിൽ പരിക്ക് സംഭവിച്ച ബിജുവിന്റെ ഭാര്യ സന്ധ്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാത്രിയോടെ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ബിജുവും സന്ധ്യയും അകപ്പെടുകയായിരുന്നു. ഇവരുടെ വീട് പൂർണമായി ദുരന്തം കവർന്നു. മേൽക്കൂര മാത്രമാണ് മണ്ണിന് അവശേഷിക്കുന്നത്. ബിജുവും സന്ധ്യയും വീട്ടിൽ അകപ്പെട്ട വിവരം പുറത്തറിഞ്ഞതോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു.
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുലർച്ചയോടെ ബിജുവിനെ പുറത്തെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. തടിപ്പണിക്കാരനാണ് ബിജു. മകൾ നഴ്സിംഗ് വിദ്യാർഥിനിയാണ്.
സാന്പത്തിക പരാധീനതകൾക്കിടയിലൂടെ ജീവിതം മുന്പോട്ട് കൊണ്ടുപോകവെയാണ് ഇടിഞ്ഞെത്തിയ മണ്കൂന ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷകൾ തകർത്തത്.
മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം
അടിമാലി: മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചതിനെത്തുടർന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ അടിയന്തരയോഗം ചേർന്നു.
ദുരന്തബാധിത പ്രദേശത്തെ 44 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. 25 കുടുംബങ്ങളെ അടിമാലി സർക്കാർ സ്കൂളിലെ താത്കാലിക ക്യാന്പിലേക്ക് കഴിഞ്ഞദിവസം തന്നെ മാറ്റിയിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചതായി മന്ത്രി പറഞ്ഞു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പ്രാഥമിക രക്ഷാപ്രവർത്തനവും ദുരന്തത്തിന്റെ തീവ്രത കുറച്ചു. കാലാവസ്ഥാ മുന്നറിയിപ്പും ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങളും പാലിക്കാൻ പൊതുജനങ്ങൾ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ദുരന്തത്തിൽ എട്ടോളം വീടുകൾ പൂർണമായി നഷ്ടമായി. കത്തിപ്പാറയിലെ ക്വാർട്ടേഴ്സിലേക്കും അടിമാലി മച്ചിപ്ലാവ് ലൈഫ് ഭവന സമുച്ചയത്തിലേക്കും ദുരന്തബാധിത പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനും യോഗം തീരുമാനിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ്, ജിയോജി വിഭാഗം, ദുരന്ത നിവാരണ വിഭാഗം, പൊതുമരാമത്ത് വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ അടിയന്തരമായി പ്രത്യേക ടീം രൂപികരിച്ച് ദുരന്തബാധിത പ്രദേശങ്ങളിൽ ശാസ്ത്രീയ പരിശോധന നടത്തും.
മണ്ണ് ഇടിഞ്ഞുകിടക്കുന്ന സ്ഥലത്തെ മണ്ണ് മാറ്റാനുള്ള നടപടികളും സ്വീകരിച്ചു. നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് അടിയന്തര സഹായങ്ങൾ ലഭ്യമാക്കാൻ നാഷണൽ ഹൈവേ അഥോറിറ്റിക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
യോഗത്തിൽ ഡീൻ കുര്യക്കോസ് എംപി, എ. രാജ എംഎൽഎ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ് എന്നിവർ പ്രസംഗിച്ചു.
അടിമാലി പ്രസിഡന്റ് അനസ് ഇബ്രാഹിം, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, സബ് കളക്ടർ വി.എം. ആര്യ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Tags : Biju