വെള്ളരിക്കുണ്ട് ടൗണിലെ ഗതാഗതനിയന്ത്രണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം.
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡ് നിർമാണം ആരംഭിക്കുന്നതിനാൽ നവംബർ ഒന്നു മുതൽ ഈ ഭാഗത്ത് പുതിയ ട്രാഫിക് പരിഷ്കാരം നടപ്പാക്കാൻ പഞ്ചായത്ത് ഓഫീസിൽ ചേർന്ന ആർടിഒ, പോലീസ്, പിഡബ്ല്യുഡി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി.
പുതിയ ട്രാഫിക് പരിഷ്കാരം ഇങ്ങനെ ആയിരിക്കും. ഭീമനടി ഭാഗത്തു നിന്നും വന്ന് കൊന്നക്കാട് ഭാഗത്തേക്ക് പോകേണ്ട ബസുകൾ ബസ്സ്റ്റാൻഡിനു മുന്നിലുള്ള കുരിശുപള്ളിയുടെ മുമ്പിൽ നിന്നും തിരിച്ച് ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ മുന്നിൽ നിന്നും ആളുകളെ കയറ്റുകയും ഇറക്കുകയും വേണം.
വെള്ളരിക്കുണ്ട് ടൗണിൽ നിന്നും വന്ന് ഒടയംചാൽ ഭാഗത്തേക്ക് പോകേണ്ട ബസുകൾ നിലവിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നേരെ മുൻവശം നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്ത ശേഷം ഒടയംചാൽ ഭാഗത്തേക്ക് പോകണം. ഒടയംചാൽ ഭാഗത്തു ടൗണിലേക്ക് വരുന്ന ബസുകൾ നിലവിലെ ഓട്ടോസ്റ്റാൻഡിനു മുന്നിൽ നിർത്തി ആളുകളെ കയറ്റി ഇറക്കി പോകണം.
യോഗത്തിൽ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് എം. രാധാമണി, എഎംവിഐ വി.ജെ. സാജു, വെള്ളരിക്കുണ്ട് എസ്ഐ സുമേഷ് ബാബു, പഞ്ചായത്ത് സെക്രട്ടറി എം. മധു എന്നിവർ പങ്കെടുത്തു.
Tags : vellarikkundil