ആർപ്പൂക്കര: ആർപ്പൂക്കര, തിരുവാർപ്പ് പഞ്ചായത്ത് അംഗങ്ങളെ വോട്ടർപട്ടികയിൽനിന്നു വെട്ടിനിരത്തി. ആർപ്പൂക്കര പഞ്ചായത്ത് പതിമൂന്നാം വാർഡ് മെംബർ ഓമന സണ്ണി, തിരുവാർപ്പ് പഞ്ചായത്ത് 11-ാം വാർഡ് മെംബർ സുമേഷ് കാഞ്ഞിരം എന്നിവരുടെ പേരാണ് വോട്ടർപട്ടികയിൽനിന്നു നീക്കം ചെയ്തത്.
ആർപ്പൂക്കര പഞ്ചായത്ത് 13-ാം വാർഡിലാണ് ഓമന സണ്ണിയും കുടുംബവും താമസിച്ചിരുന്നത്. ഇപ്പോഴിത് പതിനഞ്ചാം വാർഡാണ്. ഓമന സണ്ണി പതിമൂന്നാം വാർഡിനോട് ചേർന്നുള്ള നാലാം വാർഡിലേക്ക് താമസം മാറ്റിയെന്നു കാണിച്ച് സിപിഎം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഓമന സണ്ണി ഹാജരായി അധികൃതരോടു കാര്യങ്ങൾ വിശദീകരിച്ചിരുന്നു. എന്നാൽ, പഞ്ചായത്തംഗമായ ഓമന സണ്ണിയെ ജനപ്രതിനിധി എന്ന പരിഗണനപോലും നൽകാതെ പട്ടികയിൽനിന്നു പുറത്താക്കി. നാലാം വാർഡിൽ പേരു ചേർക്കാനുള്ള അവസരം നൽകിയതുമില്ല. അതേസമയം, വാർഡിൽനിന്നു താമസം മാറി മറ്റു ജില്ലകളിൽ താമസിക്കുന്നവരെയും ഇരട്ട വോട്ടർമാരെയും വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയതു പരിഗണിച്ചതുമില്ല. വിവേചനം കാണിച്ച ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം നടത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും വ്യാപകമായി യുഡിഎഫ് വോട്ടർമാരെ വെട്ടി മാറ്റുന്ന നടപടി തിരുത്തണമെന്നും ആർപ്പൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
തിരുവാർപ്പ് പഞ്ചായത്ത് 11-ാം വാർഡ് അംഗവും കോൺഗ്രസ് ആർപ്പൂക്കര ബ്ലോക്ക് വൈസ് പ്രസിഡന്റുമായ സുമേഷ് കാഞ്ഞിരത്തിന്റെ പേരും ഇതേപോലെ വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്തതായാണ് പരാതി.
പഞ്ചായത്തിൽനിന്നു കെട്ടിടനിർമാണ അനുമതി വാങ്ങി സുമേഷ് തന്റെ പഴയ വീട് പൊളിച്ച് പുതിയ വീട് നിർമിച്ചുകൊണ്ടിരിക്കുകയാണ്. തുടർന്ന് സുമേഷിന്റെ ഭാര്യക്കും സഹോദരിക്കും ഉടമസ്ഥാവകാശം ഉള്ള വേളൂർ ഭാഗത്തെ വീട്ടിലേക്ക് സുമേഷ് താമസം മാറ്റിയെന്ന് കാണിച്ച് എൽഡിഎഫ് പ്രവർത്തകർ തിരുവാർപ്പ് പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകി. ഇതേത്തുടർന്ന് തന്റെ എല്ലാ രേഖകളും കാഞ്ഞിരത്തെ വിലാസത്തിലാണെന്നും കാഞ്ഞിരം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ ജീവനക്കാരനായ താൻ എല്ലാദിവസവും താൻ പ്രതിനിദാനം ചെയ്യുന്ന വാർഡിലുള്ള സ്കൂളിൽ ജോലിക്ക് എത്തുന്നുണ്ടെന്നും സാമ്പത്തിക പ്രയാസത്തെത്തുടർന്നാണ് വീട് നിർമാണം വൈകുന്നതെന്നും നിലവിൽ കാഞ്ഞിരത്തു തന്നെയുള്ള ഒരു വീട്ടിൽ വാടകയ്ക്കു താമസിക്കുകയാണെന്നുമുള്ള രേഖകൾ ഹിയറിംഗിൽ കാണിച്ചിട്ടും പഞ്ചായത്ത് സെക്രട്ടറി വോട്ടർപട്ടികയിൽനിന്നു പേര് നീക്കം ചെയ്തെന്ന് സുമേഷ് പറയുന്നു.
പഞ്ചായത്ത് 13-ാം വാർഡിൽ സുമേഷ് ഇക്കുറി മത്സരിക്കുമെന്ന ഭീതിയാണ് എൽഡിഎഫ് സുമേഷിനെതിരേ വ്യാജ പരാതി നൽകാൻ കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു. സിപിഎം അനുകൂല സർക്കാർ സർവീസ് സംഘടനയുടെ നേതാവായ തിരുവാർപ്പ് പഞ്ചായത്ത് സെക്രട്ടറി ടി.ആർ. രാജശ്രീ രാഷ്ട്രീയ പ്രേരിതമായി സുമേഷിനെ വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്തതാണെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും വൈസ് പ്രസിഡന്റ് ജി. ഗോപകുമാറും അറിയിച്ചു.