തൊടുപുഴ: ഇടുക്കി ജില്ലയിലും അതിദാരിദ്ര്യ നിർമാർജനമെന്ന ലക്ഷ്യം പൂർത്തിയാക്കിയതായി അധികൃതർ. നാളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും.
സംസ്ഥാന സർക്കാരിന്റെ മുൻഗണനാ പദ്ധതിയുടെ ഭാഗമാണിത്. തദ്ദേശ സ്ഥാപനങ്ങൾ, വകുപ്പുകൾ, കുടുംബശ്രീ യൂണിറ്റുകൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ ഏകോപിതമായ ഇടപെടലും വിദ്യാഭ്യാസം, സാമൂഹ്യനീതി, ആരോഗ്യം, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ ഏകോപനവും ലക്ഷ്യത്തിലേക്ക് നയിച്ചു.
ജില്ലയിൽ 2665 അതിദരിദ്ര കുടുംബങ്ങളെയാണ് സർവേയിലൂടെ കണ്ടെത്തിയത്. ഇവർക്കായി 2392 മൈക്രോപ്ലാനുകൾ തയാറാക്കി.
250 കുടുംബങ്ങൾ തൊടുപുഴ, കട്ടപ്പന നഗരസഭകളിലായിരുന്നു. 1917 കുടുംബങ്ങൾ 52 പഞ്ചായത്തുകളിലും. ഭക്ഷണം, ആരോഗ്യം, പാർപ്പിടം, വരുമാനം എന്നിങ്ങനെ നാല് പൊതുഘടകങ്ങളാണ് കണക്കിലെടുത്തത്. ഭക്ഷ്യക്കിറ്റ് വിതരണം, പാചകംചെയ്ത ഭക്ഷണം എന്നിവയിലൂടെ 802 കുടുംബങ്ങൾക്ക് ഭക്ഷണസുരക്ഷയൊരുക്കി.
ആരോഗ്യമേഖലയിൽ 949 കുടുംബങ്ങൾക്ക് മരുന്ന്, 198 കുടുംബങ്ങൾക്ക് പാലിയേറ്റീവ് ചികിത്സ, 20പേർക്ക് ആരോഗ്യസുരക്ഷാ ഉപകരണങ്ങൾ എന്നിവയും ലഭ്യമാക്കി. പാർപ്പിടവുമായി ബന്ധപ്പെട്ട് ഭവനരഹിതർക്കും ഭൂരഹിത ഭവനരഹിതർക്കും ലൈഫ് പദ്ധതിയിലൂടെ 431 വീട് നിർമിച്ച് നൽകി.കുടുംബശ്രീ ഉജ്ജീവനം പദ്ധതിയിലൂടെ 180 കുടുംബങ്ങൾക്ക് സ്വയംതൊഴിൽ പദ്ധതികളും നടപ്പാക്കി.
എല്ലാ കുടുംബങ്ങൾക്കും ഇപിഐപി കാർഡുകൾ നൽകിയിട്ടുണ്ട്. ഇതുപയോഗിച്ച് സർക്കാർ സേവനങ്ങളെല്ലാം സൗജന്യമായി ലഭിക്കും. കുട്ടികളെ സ്കൂളിൽ ചേർക്കൽ, സൗജന്യ യാത്രാപാസ്, പ്രവേശനം, പഠനോപകരണങ്ങൾ, 131 തിരിച്ചറിയൽ കാർഡ്, 123 ആധാർ കാർഡ്, 260 ഹെൽത്ത് ഇൻഷുറൻസ്, 30 സാമൂഹ്യസുരക്ഷാ പെൻഷൻ, 29 ബാങ്ക് അക്കൗണ്ട്, രണ്ട് ഭിന്നശേഷി കാർഡ്, എട്ടു കുടുംബശ്രീ അംഗത്വം, 35 തൊഴിൽകാർഡ്, 104 റേഷൻകാർഡ്, മൂന്ന് ഗ്യാസ് കണക്ഷൻ എന്നിവയും ലഭ്യമാക്കി.
Tags :