റാന്നി: റാന്നി ടൗണിന്റെ ഭാഗമാണ് അങ്ങാടി ഗ്രാമപഞ്ചായത്ത്. പമ്പാ നദിയാണ് പഞ്ചായത്തിന്റെ അതിർത്തി. ഒരുഭാഗത്ത് വനവും പഞ്ചായത്തിന്റെ ഭാഗമാകും. ഇത്തരത്തിൽ ടൗണിന്റെയും ഗ്രാമത്തിന്റേതുമായ വികസനസംസ്കാരം കൂടിച്ചേർന്ന സ്ഥലമാണ് റാന്നി - അങ്ങാടി ഗ്രാമപഞ്ചായത്ത്. പന്പയുടെ തീരത്താണെങ്കിലും കുടിവെള്ള പ്രശ്നങ്ങളും റോഡും തോടുമൊക്കെ പഞ്ചായത്തിന്റെ ആവശ്യങ്ങളുടെ പട്ടികയിലുണ്ട്.
കാർഷിക മേഖലയിൽ കാട്ടുപന്നി ഉയർത്തുന്ന വെല്ലുവിളിയാണ് പഞ്ചായത്ത് നേരിടുന്ന പ്രധാന വെല്ലുവിളി. ഗ്രാമപഞ്ചായത്തിന്റെ അധികാരം വിനിയോഗിച്ച് ആദ്യഘട്ടത്തിൽതന്നെ കാട്ടുപന്നിയെ വെടിവച്ചു കൊന്ന പഞ്ചായത്താണ് അങ്ങാടി. ഷൂട്ടർമാർ സ്വന്തമായി ഉള്ളതിനാൽ ശല്യക്കാരായ കാട്ടുപന്നികളെ കുറെയൊക്കെ അമർച്ച ചെയ്തെങ്കിലും കാർഷിക മേഖലയിൽ ഇവ ഉയർത്തുന്ന വെല്ലുവിളിക്കു പരിഹാരമായിട്ടില്ല. വനത്തോടു ചേർന്ന പ്രദേശങ്ങളിൽ കർഷകർക്ക് മറ്റു മൃഗങ്ങളിൽനിന്നു ശല്യം നേരിടേണ്ടി വരുന്നുണ്ട്.
നേട്ടങ്ങൾ
അഡ്വ. ബിന്ദു റെജി
(പഞ്ചായത്ത് പ്രസിഡന്റ്)
പദ്ധതി നിർവഹണത്തിൽ പ്രത്യേക ശ്രദ്ധ. 2024 - 25 വാർഷിക പദ്ധതി വിനിയോഗത്തിൽ നൂറു ശതമാനം ഫണ്ട് ചെലവഴിച്ച് ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് 12 -ാം സ്ഥാനവും നേടി.
2018ലെ പ്രളയത്തിൽ അങ്ങാടിക്കു നഷ്ടപ്പെട്ട പോസ്റ്റ് ഓഫീസ് തിരികെ കൊണ്ടുവന്നു.
പിഎച്ച്സിക്ക് സ്വന്തമായി കെട്ടിടം നിർമിച്ചു. വരവൂർ ഗവ. യുപി സ്കൂളിന് ഒരു കോടി രൂപ ചെലവിൽ പുതിയ കെട്ടിടവും പഞ്ചായത്ത് ഫണ്ടിൽനിന്ന് ഒന്പത് ലക്ഷം ചെലവഴിച്ച് അടുക്കളയും നിർമിച്ചു.
ആയുർവേദ ഡിസ്പെൻസറിയുടെ ഗുണനിലവാരം ഉയർത്തി. എൻഎബിഎച്ച് അംഗീകാരം നേടി.
45 ലക്ഷം ചെലവഴിച്ച് ചവറംപ്ലാവ് കുടിവെള്ള പദ്ധതി പൂർത്തിയാക്കി.
പഞ്ചായത്തിലെ ഒട്ടുമിക്ക റോഡുകളും സഞ്ചാരയോഗ്യമാക്കി.
എംഎൽഎ ഫണ്ടിൽനിന്നു ലഭിച്ച ഒരു കോടി രൂപ ചെലവഴിച്ച് പേട്ടയിൽ വലിയതോടിനു സംരക്ഷണ ഭിത്തി നിർമിച്ചു.
എട്ടാം വാർഡിലെ അങ്കണവാടിക്ക് കെട്ടിടവും ഒന്പത് അങ്കണവാടി കെട്ടിടങ്ങൾക്ക് മുകളിൽ റൂഫ് നിർമിച്ച് സാംസ്കാരിക നിലയങ്ങളും നിർമിച്ചു.
മൃഗാശുപത്രിയുടെ ടെറസിലും റൂഫിംഗ് നിർമിച്ച് സാംസ്കാരിക നിലയമാക്കി.
തോടുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാൻ പേട്ട, പുളിമുക്ക് പാലങ്ങളിലും തോട്ടക്കുറ്റി കലുങ്കിലും ഫെൻസിംഗ് നിർമാണം.
കേരഗ്രാമം പദ്ധതിയിൽ പഞ്ചായത്തിനെയും ഉൾപ്പെടുത്തി.
ശുചിത്വവുമായി ബന്ധപ്പെട്ട് എല്ലാ വാർഡുകളിലും എംസിഎഫും ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു. വീടുകളിൽ ബയോ കന്പോസ്റ്റിനുകൾ വിതരണം ചെയ്തു.
പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം നിർമിക്കാൻ നടപടികളായി.
ഷൂട്ടർമാരെ നിയോഗിച്ച് കാട്ടുപന്നികളെ വെടിവച്ച് കർഷകരെ സഹായിക്കാനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധികാരം വിനിയോഗിച്ച് പരമാവധി ഇടങ്ങളിൽ ഷൂട്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
കോട്ടങ്ങൾ
എം.എം. മുഹമ്മദ്ഖാൻ,
(യുഡിഎഫ് പാർലമെന്ററി
പാർട്ടി നേതാവ്)
ജനസേവനത്തേക്കാൾ രാഷ്ട്രീയ താത്പര്യം മുൻനിർത്തിയുള്ള ഭരണം. ധൂർത്തും സ്വജനപക്ഷപാതവും തുടർന്നു. പഞ്ചായത്തിന്റെ ആസ്തി രേഖകൾ ക്രമപ്പെടുത്തി സംരക്ഷിക്കാൻ പോലുമായില്ല.
പ്രഖ്യാപിച്ച പദ്ധതികളിൽ മഹാഭൂരിപക്ഷവും നടപ്പിലാക്കിയില്ല.
പഞ്ചായത്ത് കെട്ടിടനിർമാണ പദ്ധതി വിസ്മൃതിയിൽ. കരാർ നൽകി നാലുവർഷം കഴിഞ്ഞിട്ടും നിർമാണ സ്ഥലം കരാറുകാരന് വിട്ടുനൽകുകപോലും ചെയ്തില്ല.32000 ചതുരശ്ര അടിയിൽ നാലുനിലകളിൽ പുതിയ ഓഫീസ് സമുച്ചയം നിർമിക്കാനും 2021-ൽ താൻ വൈസ് പ്രസിഡന്റായിരുന്ന കാലയളവിൽ തുടങ്ങിവച്ച പ്രവർത്തനമാണ്.
റോഡുകളുടെ നവീകരണ പദ്ധതികളും അട്ടിമറിക്കപ്പെട്ടു.ഡിപിസി അംഗീകരിച്ച പദ്ധതികൾ പോലും നിയമവിരുദ്ധമായി പ്രസിഡന്റും നിലവിലെ വൈസ് പ്രസിഡന്റും ചേർന്നു മാറ്റി.
വികസന ഫണ്ടും റോഡ് നവീകരണ ഫണ്ടും വലിയ തോതിൽ ലഭിക്കാതെ വന്നിട്ടും അവനേടിയെടുക്കാൻ യാതൊരു ശ്രമവും നടത്തിയില്ല. വികസന ഫണ്ടിൽ പ്രതിവർഷം 40 ലക്ഷം രൂപയും റോഡ് മെയിന്റനൻസിൽ പ്രതിവർഷം ഒരു കോടി രൂപയുടെ കുറവുമാണ് സർക്കാർ വരുത്തിയത്.
ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളും എംപി, എംഎൽഎ എന്നിവരുമായി ചേർന്നു റോഡുകളുടെ നവീകരണത്തിന് ആക്ഷൻ പ്ലാൻ തയാറാക്കാൻ പോലുമായില്ല.
പഞ്ചായത്തിനെ ഒറ്റ യൂണിറ്റായിക്കണ്ട് വികസനം നടപ്പിലാക്കണമെന്ന സർക്കാർ ഉത്തരവുകൾ പാലിക്കാതെ വാർഡടിസ്ഥാനത്തിൽ ഫണ്ടുകൾ വീതം വച്ചതിലൂടെ കൂടുതൽ റോഡുകളുള്ള വാർഡുകളിൽ ആവശ്യമായ ഫണ്ട് ലഭ്യമായില്ല.
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിൽ ഉത്തരവാദിത്വം നിറവേറ്റിയില്ല. ജൽജീവൻ മിഷനിൽ 30 കോടി രൂപയോളം അനുവദിച്ചെങ്കിലും ജലഅഥോറിറ്റി പ്രോജക്ട് വിഭാഗവുമായി ഇടപെടലുകൾ നടത്തി പദ്ധതികൾ പൂർത്തീകരിക്കാൻ ശ്രമിച്ചില്ല.
ആസൂത്രണമില്ലാതെ ഗ്രാമീണ റോഡുകൾ വെട്ടിപ്പൊളിച്ച് പൈപ്പുകളിട്ടതല്ലാതെ ഒരിടത്തെയും കുടിവെള്ള പ്രശ്നം പരിഹരിച്ചില്ല.
തെരുവുവിളക്കുകളുടെ പരിപാലനത്തിലും വീഴ്ച സംഭവിച്ചു. ബൾബുകൾ അടിക്കടി മാറ്റിയിടുന്നതിലൂടെ സാന്പത്തിക ബാധ്യതയേറി.
കേന്ദ്രഫണ്ടുകൾ ലഭ്യമായിട്ടും അങ്കണവാടികളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നില്ല. ആകെയുള്ള 20 അങ്കണവാടികളിൽ 11 എണ്ണവും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
സൗജന്യമായി സ്ഥലം ലഭിച്ച അങ്കണവാടികൾക്കുപോലും കെട്ടിടം നിർമിക്കാനായില്ല.
സ്ഥലം വാങ്ങാൻ ഫണ്ട് വകയിരുത്തിയിട്ടും പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലെ ഏക അങ്കണവാടിക്ക് ഭൂമി ലഭ്യമാക്കാൻപോലും കഴിഞ്ഞില്ല.
പൊതുജനാരോഗ്യ മേഖലയിലും കേന്ദ്ര സഹായം ഉപയോഗപ്പെടുത്തിയില്ല.
ഒറ്റനോട്ടത്തിൽ
റാന്നി - അങ്ങാടി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ അഞ്ചുവർഷവും എൽഡിഎഫ് ഭരണത്തിലായിരുന്നു. സിപിഎമ്മിലെ അഡ്വ. ബിന്ദു റെജിയായിരുന്നു പ്രസിഡന്റ്. തുടക്കത്തിൽ ഭൂരിപക്ഷത്തിൽ നേരിയ കുറവുണ്ടായപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിനു സ്വന്തമായി. എന്നാൽ ഉപതെരഞ്ഞെടുപ്പിലൂടെ എൽഡിഎഫ് ഭൂരിപക്ഷം ഉറപ്പിച്ചു.
പദ്ധതി നിർവഹണ പ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാണ് മുന്നോട്ടു പോയതെന്നും എൽഡിഎഫ് അവകാശപ്പെടുന്നു.
എന്നാൽ ആസൂത്രണമില്ലാതെയും രാഷ്ട്രീയ താത്പര്യത്തോടെയും പ്രവർത്തിച്ചതുമൂലം പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കപ്പെട്ടുവെന്നാണ് പ്രതിപക്ഷ ആരോപണം.
ആകെ വാർഡുകൾ - 13.
എൽഡിഎഫ്-7.
യുഡിഎഫ്-5. ബിജെപി - 1.