മണ്ണിടിഞ്ഞു തകർന്ന തൊഴുത്തിനു മുന്നിൽ സണ്ണി
നെടുമങ്ങാട്: തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് മുളയറയിൽ കുന്ന് ഇടിഞ്ഞ് പശുത്തൊഴുത്തിൽ പതിച്ചതിനെ തുടർന്ന് ഒരു പശുക്കിടാവ് മണ്ണിനടിയിലായി. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയാണ് കുന്ന് ഇടിഞ്ഞു തൊഴുത്തിൽ പതിച്ചത്.
മുളയറ, കരിക്കകത്ത് പുത്തൻവീട്ടിൽ ക്ഷീരകർഷകനായ സണ്ണിയുടെ വീട്ടിന് പിറകിലെ പശുതൊഴുത്തിലാണ് മണ്ണിടിച്ചിൽ സംഭവിച്ചത്. തൊഴുത്തിൽ ആ സമയത്ത് നാല് പശുക്കളും ഒരു കിടാവും ഉണ്ടായിരുന്നു. മണ്ണ് ഇടിഞ്ഞുവീണ ശബ്ദം കേട്ട് സണ്ണിയും രണ്ട് മക്കളും പുറത്തേക്ക് ഓടിയെത്തി.
അപ്പോഴും മണ്ണ് ഇടിഞ്ഞു കൊണ്ട് ഇരുന്നു. പശുക്കളെ തൊഴുത്തിൽ നിന്നും മാറ്റുന്നതിനിടയാണ് പശുക്കിടാവിനെ കാണാതായത്. ഉടൻതന്നെ അവർ മണ്ണ് നീക്കി കിടാവിനെ പുറത്തെടുത്തു. ആ സമയത്ത് കിടാവ് ശ്വാസംമുട്ടി ബോധമില്ലാത്ത അവസ്ഥയിലായിരുന്നു.
സണ്ണിയും മക്കളും ചേർന്ന് കൃത്രിമശ്വാസവും പ്രാഥമിക ശുശ്രൂഷയും നൽകിയാണ് കിടാവിന്റെ ജീവൻ തിരിച്ചുപിടിച്ചത്. ഒരാഴ്ച്ച പ്രായമുള്ള പശുക്കിടാവ് ആണ്.
Tags : Trivandrum Local News nattuvishesham