ഇടുക്കി: ഇടുക്കിയിൽ ഒരു കിടാരി പാർക്ക് കൂടി സ്ഥാപിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ഇരട്ടയാർ നാങ്കുതൊട്ടിയിൽ ജില്ലാ ക്ഷീരകർഷകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പാലുത്പാദനക്ഷമത കൂട്ടിയാലേ ഉത്പാദനത്തിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനമുള്ള കേരളത്തിന് ഇനിയും മുന്നേറാനാകൂ. അതിനായി ഗുണമേൻമയുള്ള സങ്കരയിനം പശുക്കളെ കേരളത്തിൽത്തന്നെ വളർത്തിയെടുക്കണം.
ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ തീറ്റപ്പുൽ കൃഷി ചെയ്യാനുള്ള സഹായം, പശുക്കളുടെ ഇൻഷ്വറൻസ്, കന്നുകുട്ടി പരിപാലനത്തിനായി 25,000 രൂപ ധനസഹായം, സഞ്ചരിക്കുന്ന വെറ്ററിനറി ആശുപത്രി, വെറ്ററിനറി ആംബുലൻസ്, കാലിത്തീറ്റയുടെ വിലകുറയ്ക്കൽ, വിവിധ വായ്പകൾ തുടങ്ങി നടപ്പാക്കിയ നിരവധി പദ്ധതികൾ മന്ത്രി എടുത്തുപറഞ്ഞു. ക്ഷീരകർഷകരുടെ അഭ്യസ്തവിദ്യരായ കുട്ടികൾക്ക് മിൽമയിൽ ജോലി നല്കുന്നതും സാധ്യമാകും.
എം.എം. മണി എംഎൽഎ അധ്യക്ഷത വഹിച്ചു. ഡയറി സയൻസ് കോളജ് അസി. പ്രഫസർ ലിജി മോൾ ജയിംസ് സെമിനാർ നയിച്ചു.
 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനിൽ, കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൻ ബീന ടോമി, ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ, കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം രതീഷ്, ഇളംദേശം ബ്ലോക്ക് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രൻ, ക്ഷീരവികസനവകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, നാങ്കുതൊട്ടി ആപ്കോസ് പ്രസിഡന്റ് കെ.കെ. ജയൻ, കെഎസ്എംഎസ്എ സംസ്ഥാന പ്രസിഡന്റ് പി.ആർ. സലിം കുമാർ എന്നിവർ പ്രസംഗിച്ചു.
Tags :