ആലുവ: സംസ്ഥാന സർക്കാരിന്റെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കളമശേരി നിയമസഭാ മണ്ഡലത്തിലെ എട്ടു റോഡുകൾ നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ ഭരണാനുമതി പുറപ്പെടുവിച്ചു. കടുങ്ങല്ലൂർ പഞ്ചായത്തിലെ ഏലൂക്കര ഇലഞ്ഞിച്ചോട് ജംഗ്ഷൻ പടുവത്തിപ്പള്ളി റോഡ്, സൗഹൃദ റോഡ് - കീരപ്പിള്ളി ജംഗ്ഷൻ റോഡ് എന്നിവ ഉൾപ്പെടെയാണ് എട്ടു റോഡുകൾ അനുവദിച്ചിരിക്കുന്നത്. ജൽജീവൻ പദ്ധതിയിൽ പൈപ്പിടാനായി വെട്ടിക്കുഴിച്ച റോഡുകളാണിവ.
45 ലക്ഷം രൂപ വീതമാണ് രണ്ട് റോഡുകൾക്കും അനുവദിച്ചിരിക്കുന്നത്. ജൽ ജീവൻ മിഷൻ പ്രവൃത്തികളെ തുടർന്നുള്ള റോഡ് പുനർ നിർമാണം നീണ്ടുപോകുന്ന സാഹചര്യത്തിൽ ഇതിനു പകരമായി അടിയന്തര പ്രാധാന്യത്തോടെ അനുവദിച്ചതാണ് ഈ റോഡുകൾ എന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡുകൾക്ക് അനുമതി ലഭിച്ചത്. കരുമാലൂർ പഞ്ചായത്തിലെ കൈപ്പട്ടി റോഡ് - 45 ലക്ഷം രൂപ, ചാലക്ക സ്ലൂയിസ് ബ്രിഡ്ജ് - ആറാട്ടുകടവ് റോഡ് - കട്ട വിരിക്കൽ- 45 ലക്ഷം രൂപ, ആലങ്ങാട് പഞ്ചായത്തിലെ പുന്നയ്ക്കാപറമ്പ് റോഡ് -20 ലക്ഷം രൂപ, ഹിന്ദി വിദ്യാലയം നേതാജി കല്ലൂർപടി ഇറിഗേഷൻ റോഡ് നേതാജി ചോയ്സ് റോഡ് -20 ലക്ഷം രൂപ, പൂപ്പിള്ളിക്കാട് പെരിയാർവാലി കനാൽ റോഡ് -20 ലക്ഷം, കരുമാലൂർ പഞ്ചായത്തിലെ പറയാൻ പള്ളം പുതുക്കാട് നാല് സെൻറ് കോളനി റോഡ് - 36 ലക്ഷം എന്നീ റോഡുകൾക്കാണ് ഭരണാനുമതി നൽകിയത്. പുതിയ റോഡുകൾ കുട്ടിച്ചേർത്ത് നേരത്തെയുള്ള ഭരണാനുമതി പുതുക്കിയാണ് സർക്കാരിന്റെ ഉത്തരവ്.
മണ്ഡലത്തിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിൽ പുതിയ റോഡുകൾ വലിയ പങ്കു വഹിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ജൽജീവൻ മിഷൻ പ്രവൃത്തികൾക്കായി കുഴിയെടുത്ത റോഡുകൾ പുനർനിർമിക്കുന്നതിന് അടിയന്തര പ്രാധാന്യമുള്ളതിനാലാണ് ഗ്രാമീണ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.