മുംബൈ: കരുത്തുറ്റ ആഗോള സൂചനകളും യുഎസ് ഫെഡറൽ റിസർവ് ഈ ആഴ്ച ചേരുന്ന യോഗത്തിൽ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും അനുകൂലമായ അന്തരീക്ഷമൊരുക്കിയപ്പോൾ ഇന്ത്യൻ ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്സും ഇന്നലെ ശക്തമായ പ്രകടനം കാഴ്ചവച്ചു.
സെൻസെക്സ് 567 പോയിന്റ് (0.67%) മുന്നേറി 84,778ലും നിഫ്റ്റി 171 പോയിന്റ് (0.66%) നേട്ടത്തോടെ 25,966ലും വ്യാപാരം പൂർത്തിയാക്കി.
ആഗോള വിപണി മെച്ചപ്പെട്ടത്തിന്റ പ്രചോദനത്താൽ, നിഫ്റ്റി ഇന്നലെ രണ്ട് സെഷനുകളിലെ ലാഭമെടുപ്പിനുശേഷമാണ് നേട്ടത്തിലേക്കു തിരിച്ചുവന്നത്.
യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കപ്പെട്ടതും പ്രതീക്ഷിച്ചതിലും കുറഞ്ഞ യുഎസ് പണപ്പെരുപ്പ കണക്കും വർഷാവസാനത്തിന് മുന്പ് യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ 50 ബേസിസ് പോയിന്റുകൾ കൂടി കുറച്ചേക്കുമെന്ന പ്രതീക്ഷകളും വിപണിയെ ശക്തിപ്പെടുത്തി. ഈ സൂചനകൾ ആഭ്യന്തര ഓഹരികൾക്ക് ഗുണകരമായി. രണ്ടാംപാദ കോർപറേറ്റ് ഫലങ്ങൾ ഭേദപ്പെട്ടതാകുന്നതും വിപണിക്ക് ദിശാബോധം നല്കുന്നു.
ആഗോളതലത്തിൽ ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്ക് അയവുണ്ടാകുന്നത് നിക്ഷേപകരിലും പ്രതീക്ഷ വർധിപ്പിച്ചു. ഇന്ത്യയുടെ ഈ സാന്പത്തികവർഷത്തെ വളർച്ചാനിരക്ക് വിവിധ ഏജൻസികൾ ഉയർത്തിയതും ജിഎസ്ടി പരിഷ്കരണത്തിന്റെ പ്രതിഫലനം കണ്ടുതുടങ്ങിയതും വിപണിക്ക് ഉൗർജം പകരുന്നു.
നിഫ്റ്റി മേഖലാ സൂചികകളിൽ മീഡിയ, ഫാർമ ഒഴികെ എല്ലാം പോസിറ്റീവായി. പൊതുമേഖലാ ബാങ്ക് ഓഹരികൾ 2.22 ശതമാനം ഉയർന്ന് മേഖല സൂചികകളിൽ മുന്നിലെത്തി. മെറ്റൽ 1.16 ശതമാനം, ഓയിൽ ആൻഡ് ഗ്യാസ് 1.52 ശതമാനം, റിയൽറ്റി 1.46 ശതമാനം ഉയർന്നു.
വിശാല വിപണിയിൽ നിഫ്റ്റി മിഡ്കാപ് (0.93%), സ്മോൾകാപ് (0.82%) സൂചികകൾ മുഖ്യ സൂചികകളെക്കാൾ മികച്ച പ്രകടനം നടത്തി.
Tags : stock indices mumbai stock exchange NSE BSE