ന്യൂഡൽഹി: പൊതുമേഖല ബാങ്കുകളിലെ പ്രത്യക്ഷ വിദേശ നിക്ഷേപം (ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ്) ഉയർത്താൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്.
നിക്ഷേപം 49 ശതമാനം വരെയായി ഉയർത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്രസർക്കാർ. ഇപ്പോൾ അനുവദനീയമായ പരിധിയുടെ ഇരട്ടിയാണിത്. നിലവിൽ 20 ശതമാനമാണ് നിക്ഷേപ പരിധി. നിക്ഷേപപരിധി ഉയർത്തുന്ന കാര്യം ധനമന്ത്രാലയം റിസർവ് ബാങ്കുമായി ചർച്ച ചെയ്തു വരുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ നേരിട്ട് ഉൾപ്പെട്ട വ്യക്തിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈയിടെയായി നിരവധി വിദേശ നിക്ഷേപകർ ഇന്ത്യൻ ബാങ്കുകളിൽ മുതൽ മുടക്കാൻ താത്പര്യം കാണിക്കുന്നുണ്ട്. ആർബിഎൽ ബാങ്കിന്റെ 60 ശതമാനം ഓഹരി 300 കോടി ഡോളറിന് ദുബായി കേന്ദ്രമായുള്ള എൻബിഡി വാങ്ങി.
യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരി സുമിടോമോ മിത്സുയി ബാങ്കിംഗ് കോർപറേഷൻ 160 കോടി ഡോളറിനു വാങ്ങി. പിന്നീട് മറ്റൊരു 4.99 ശതമാനം ഓഹരി കൂടി വാങ്ങുകയും ചെയ്തു. ഫെഡറൽ ബാങ്കിന്റെ 9.99 ശതമാനം ഓഹരി 6,200 കോടി രൂപയ്ക്ക് യുഎസിലെ നിക്ഷേപക കന്പനിയായ ബ്ലാക്സ്റ്റോണ് വാങ്ങി.
സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളും വിദേശ നിക്ഷേപകരിൽനിന്ന് നിക്ഷേപം നേടാൻ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. വിദേശ ഉടമസ്ഥാവകാശ പരിധി ഉയർത്തുന്നത് വരും വർഷങ്ങളിൽ കൂടുതൽ മൂലധനം നേടാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുമേഖല, സ്വകാര്യ ബാങ്ക് വ്യവസ്ഥകളിൽ അന്തരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. വിദേശ നിക്ഷേപം കൂടുതലെത്തുന്നത് പൊതുമേഖല ബാങ്കുകളിൽക്ക് കൂടുതൽ മൂലധന നേടാൻ സഹായിക്കും.
സ്വകാര്യ ബാങ്കുകളിൽ 74 ശതമാനമാണ് അനുവദനീയമായ പരമാവധി വിദേശ പങ്കാളിത്തം.
പൊതുമേഖല ബാങ്കുകളിൽ വിദേശ നിക്ഷേപ പരിധി 49 ശതമാനത്തിലേക്ക് ഉയർത്തിയാലും 51 ശതമാനം ഓഹരി പങ്കാളിത്തത്തോടെ സർക്കാരിന് ഭൂരിപക്ഷം ഉടമസ്ഥാവകാശം നിലനിൽക്കും. ഇപ്പോൾ പൊതുമേഖല ബാങ്കുകളിലെ വിദേശനിക്ഷേപം പല അനുപാതത്തിലാണ്. കാനറ ബാങ്കിൽ 12 ശതമാനമാണെങ്കിൽ യൂക്കോ ബാങ്കിൽ ഒട്ടുമില്ല.
ഇന്ത്യയിൽ നിലവിൽ 12 പൊതുമേഖല ബാങ്കുകളാണുള്ളത്. 171 ലക്ഷം കോടി രൂപയാണ് ഇവയുടെ സംയുക്ത ആസ്തി. ഇത് ബാങ്കിംഗ് മേഖലയുടെ 55 ശതമാനം വരും.
Tags : PSU banks Central government Kendra sarkar foreign investment