വിവാദ പരാമർശം: ജസ്റ്റീസ് യാദവ് വാക്കു പാലിച്ചില്ലെന്ന് ഋഷികേശ് റോയി
സ്വന്തം ലേഖകൻ
Monday, February 3, 2025 3:57 AM IST
ന്യൂഡൽഹി: വിവാദ പരാമർശത്തിൽ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ് പരസ്യമായി മാപ്പു പറയാൻ തയാറാണെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് പിന്മാറിയെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ഋഷികേശ് റോയ്.
ക്ഷമാപണം നടത്താൻ ഒരുക്കമല്ലാത്തതുകൊണ്ട് ശേഖർ കുമാർ യാദവിനെതിരേ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഋഷികേശ് റോയ് വെളിപ്പെടുത്തി. ശേഖർ കുമാർ യാദവ് കൊളീജിയം അംഗങ്ങൾക്കു മുന്പാകെ സ്വകാര്യമായി മാപ്പ് പറയാമെന്നു സമ്മതിച്ചിരുന്നുവെന്നും ജനുവരി 31ന് വിരമിക്കുന്നതുവരെ സുപ്രീംകോടതി കൊളീജിയത്തിൽ അംഗമായിരുന്ന ഋഷികേശ് റോയി വെളിപ്പെടുത്തി.
ആദ്യം അഞ്ചു കൊളീജിയം അംഗങ്ങൾക്കു മുന്പാകെ യാദവ് മാപ്പ് പറയാമെന്നു സമ്മതിച്ചിരുന്നുവെങ്കിലും ക്ഷമാപണം പൊതുമധ്യത്തിനു മുന്പാകെയാകണമെന്ന് ചീഫ് ജസ്റ്റീസ് നിലപാടെടുത്തു. ഇതിനു യാദവ് സമ്മതമറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ഇതോടെയാണ് ചീഫ് ജസ്റ്റീസ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ഋഷികേശ് പറഞ്ഞു. ഉന്നത കോടതികളിലെ ജഡ്ജിമാർ നിരവധി സുരക്ഷാ സംവിധാനങ്ങളാൽ സംരക്ഷിക്കപ്പെട്ടിരിക്കുകയാണെന്നും എന്നാൽ ഇതേ സംവിധാനങ്ങൾ വഴിതെറ്റിയ ജഡ്ജിമാർക്കെതിരേ നടപടിയെടുക്കുന്നതിൽ തടസമായി നിൽക്കുകയാണെന്നും ഋഷികേശ് ചൂണ്ടിക്കാട്ടി.
വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ വർഗീയ പരാമർശങ്ങൾ നടത്തിയതിനാണ് ശേഖർ കുമാർ യാദവിനെതിരേ സുപ്രീംകോടതി കൊളീജിയം ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടത്. ജുഡീഷൽ പെരുമാറ്റത്തിന്റെ ഒരു തത്വവും ലംഘിച്ചിട്ടില്ലാത്ത തന്റെ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് അറിയിച്ച് ജസ്റ്റീസ് യാദവ് നേരത്തേ ചീഫ് ജസ്റ്റീസിന് കത്തെഴുതിയിരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.