രേണുകസ്വാമി കൊലക്കേസ്: നടൻ ദർശന് ജാമ്യം
Saturday, December 14, 2024 2:17 AM IST
ബംഗളുരു: ചിത്രദുർഗ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശനും വനിതാ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്കും കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഒന്നാം പ്രതിയാണു പവിത്ര ഗൗഡ. ഇവരുവർക്കും പുറമേ പ്രതിസ്ഥാനത്തുള്ള നാഗരാജു, അനു കുമാർ, ലക്ഷ്മണ്, ജഗദീഷ്, പ്രസാദ് റാവു എന്നിവർക്കും ജാമ്യം നൽകിയിട്ടുണ്ട്.
പവിത്ര ഗൗഡയ്ക്കു മൊബൈൽ ഫോണിലേക്ക് അശ്ലീലസന്ദേശം അയച്ചുവെന്ന കാരണത്താൽ രേണുകാസ്വാമിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ജൂൺ എട്ടിനു നടന്ന സംഭവത്തിൽ മൂന്നുദിവസത്തിനുശേഷമാണ് നടൻ അറസ്റ്റിലായത്.
ബംഗളൂരുവിലെ സുമനഹള്ളിയിലുള്ള ഒരു ഓടയിലാണു രേണുകസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ നിരവധി പരിക്കുകളും ഉണ്ടായിരുന്നു. ചിത്രദുർഗയിൽനിന്ന് ഇയാളെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് നാല് പ്രതികൾ കുറ്റം ഏറ്റെടുത്ത് പോലീസിനെ സമീപിക്കുകയായിരുന്നു.
എന്നാൽ ഇവരുടെ മൊഴികളിലെ പൊരുത്തക്കേടുകളെത്തുടർന്നുള്ള അന്വേഷണത്തിലാണ് നടന്റെയും പെൺസുഹൃത്തിന്റെയും പങ്ക് വ്യക്തമായത്.