മുനന്പം ജനതയ്ക്ക് സിബിസിഐയുടെ പിന്തുണ
Saturday, December 14, 2024 2:17 AM IST
ന്യൂഡൽഹി: കേരളത്തിലെ മുനന്പത്ത് തലമുറകളായി ജീവിക്കുന്ന ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി. മുനന്പത്തേതു ക്രിസ്ത്യൻ- മുസ്ലിം പ്രശ്നമല്ലെന്നും ഭരണഘടന അനുശാസിക്കുന്ന നീതിയുടെയും മനുഷ്യാവകാശത്തിന്റെയും പ്രശ്നമാണെന്നും സിബിസിഐ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
മുനന്പം തർക്കത്തിന് സമാധാനപരവും നീതിയുക്തവുമായ പരിഹാരം ഉടൻ ഉണ്ടാകണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. ഭരണഘടനാതത്വങ്ങളാലും പരസ്പര ബഹുമാനത്താലും നയിക്കപ്പെടുന്നതാകണം പരിഹാരം.
വ്യക്തികളുടെ ഭരണഘടനാപരമായ അവകാശങ്ങളെ തുരങ്കം വയ്ക്കുന്ന ഏതു നടപടിയും അന്യായവും എതിർക്കപ്പെടേണ്ടതുമാണ്. കത്തോലിക്കാ സഭയുടെ നിലപാട് മതപരമായ സ്വത്വത്തിൽ വേരൂന്നിയതല്ല. മനുഷ്യാവകാശ പ്രശ്നമെന്ന നിലയിലുള്ള ആശങ്കയാണു സിബിസിഐയുടേത്.
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ പാർശ്വവത്കരിക്കപ്പെട്ട എല്ലാ സമുദായങ്ങളോടും ഐക്യം വളർത്തുന്നതിനും ഒപ്പം നിൽക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും സിബിസിഐ വ്യക്തമാക്കി.
സിബിസിഐ അധ്യക്ഷൻ പാർലമെന്റ് അംഗങ്ങൾക്കായി കഴിഞ്ഞയാഴ്ച നടത്തിയ വിരുന്നിന്റെയും അനൗപചാരിക ചർച്ചയുടെയും ചില കാര്യങ്ങൾ മാത്രം തെരഞ്ഞെടുത്ത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച നടപടിയെ സിബിസിഐ അപലപിച്ചു.
ചർച്ചകളുടെ സ്വഭാവത്തെ തെറ്റായി ചിത്രീകരിക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്ത വാർത്ത നിരാശപ്പെടുത്തുന്നു. ധാരണകൾക്കു വിരുദ്ധമായ ചില കാര്യങ്ങൾ മാത്രം പേരു വെളിപ്പെടുത്താതെ മാധ്യമങ്ങൾക്കു നൽകിയത് വിശ്വാസവഞ്ചനയാണെന്നും പത്രക്കുറിപ്പിൽ സിബിസിഐ ചൂണ്ടിക്കാട്ടി.