കോൽക്കത്ത കൊലപാതകം: വീണ്ടും പ്രതിഷേധമുയരുന്നു
Sunday, December 15, 2024 1:35 AM IST
കോൽക്കത്ത: കോൽക്കത്ത ആർജി കാർ മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടറെ മാനഭംഗപ്പെടുത്തി കൊന്ന കേസിലെ പ്രതികൾക്കു സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാത്ത സിബിഐ നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു.
കേസിൽ അറസ്റ്റിലായ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, പോലീസ് ഉദ്യോഗസ്ഥൻ അഭിജിത് മൊണ്ടൽ എന്നിവർക്ക് ഇതേത്തുടർന്ന് വിചാരണക്കോടതി കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചിരുന്നു. ഇതോടെയാണു പ്രതിഷേധം വീണ്ടും ശക്തമായത്. സിബിഐയുടെ മെല്ലപ്പോക്കു പ്രതികളെ സഹായിക്കാനാണെന്ന് ആരോപിച്ച് സാൾട്ട് സിബിഐ ഓഫീസിലേക്കു വിവിധ സംഘടനകൾ മാർച്ച് നടത്തി.
ഇടതു പാർട്ടികളുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായാണു പ്രതിഷേധം സംഘടിപ്പിച്ചത്. നീതി ഉറപ്പാക്കുന്നതിൽ സിബിഐ പരാജയപ്പെട്ടതായി നേതാക്കൾ കുറ്റപ്പെടുത്തി.
പശ്ചിമബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും കേന്ദ്രത്തിലെ ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് സംഭവത്തിന് പിന്നിലെന്നും നേതാക്കൾ ആരോപിച്ചു.
പശ്ചിമബംഗാൾ ജൂണിയർ ഡോക്ടേഴ്സ് ഫ്രണ്ട് (ഡബ്ലിയുബിജെഡിഎഫ്) വിവിവിധ വിദ്യാർഥിസംഘടനകൾ എന്നിവരുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു.