മുതിർന്ന കോൺഗ്രസ് നേതാവ് ഇ.വി.കെ.എസ്. ഇളങ്കോവൻ അന്തരിച്ചു
Sunday, December 15, 2024 1:35 AM IST
ചെന്നൈ: തമിഴ്നാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഇ.വി.കെ.എസ്. ഇളങ്കോവൻ (76) അന്തരിച്ചു. ശ്വാസതടസം ഉൾപ്പെടെയുള്ള പ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞമാസം പകുതിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയായിരുന്നു അന്ത്യം.
മുൻ കേന്ദ്രമന്ത്രി, തമിഴ്നാട് പ്രദേശ് കോൺഗ്രസ് മുൻ അധ്യക്ഷൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഇളങ്കോവൻ ഈറോഡ് ഈസ്റ്റ് മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമായിരുന്നു.
മകനും കോൺഗ്രസ് നേതാവുമായ തിരുമഹന്‍ ഇവരായുടെ നിര്യാണത്തെത്തുടര്‍ന്ന് കഴിഞ്ഞവർഷം നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണു നിയമസഭയിലെത്തിയത്. പ്രമുഖ സാമൂഹ്യ പരിഷ്കർത്താവ് പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ സഹോദരന് കൃഷ്ണസ്വാമിയുടെ ചെറുമകനാണ് ഇളങ്കോവൻ.
1948 ഡിസംബർ 21 നു ഗോപിചെട്ടിപാളയത്താണ് ഈറോഡ് വെങ്കയ്യ കൃഷ്ണസ്വാമി സന്പത്ത് ഇളങ്കോവൻ എന്ന ഇ.വി.കെ.എസ്. ഇളങ്കോവന്റെ ജനനം. 1980ൽ ഈറോഡിലെ സത്യമംഗലം മണ്ഡലത്തിൽനിന്നാണ് നിയമസഭയിലേക്കുള്ള കന്നിപ്രവേശം. 1984ൽ അണ്ണാ ഡിഎംകെ സഖ്യമായ ശിവാജി ഗണേശന്റെ തമിഴക മുന്നേറ്റ മുന്നണിയുടെ ഭവാനിസാഗർ മണ്ഡലത്തിൽനിന്നു മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. പിന്നീട് പാർട്ടി പിരിച്ചുവിട്ട ഇളങ്കോവൻ കോൺഗ്രസിൽ തിരിച്ചെത്തുകയായിരുന്നു.
2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗോപിചെട്ടിപാളയത്തുനിന്നും ലോക്സഭയിലെത്തിയ ഇളങ്കോവൻ ഡോ. മൻമോഹൻ സിംഗ് മന്ത്രിസഭയിൽ പെട്രോളിയം, വ്യവസായ-വാണിജ്യ, ടെക്സ്റ്റൽ വകുപ്പുകളിൽ സഹമന്ത്രിയായിരുന്നു.
ഇളങ്കോവന്റെ നിര്യാണത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ടിഎൻസിസി പ്രസിഡന്റ് കെ. സെൽവപെരുന്തഗൈ ഉൾപ്പെടെ പ്രമുഖർ അനുശോചിച്ചു.
ഇന്നലെ ചെന്നൈ മണപ്പാക്കത്തെ വസതിയിൽ പൊതുദർശനത്തിവച്ച മൃതദേഹത്തിൽ ആയിങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്കാരം ഇന്ന് മുഗളിവാക്കം വൈദ്യുതി ശ്മശാനത്തിൽ നടത്തും.