ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
Saturday, December 14, 2024 2:17 AM IST
ന്യൂഡൽഹി: ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കുന്പോൾ ജാമ്യം അനുവദിക്കാനാകില്ലെന്ന് ജസ്റ്റീസ് അഭയ് എസ്. ഓഖ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
തനിക്ക് മാനസികപ്രശ്നങ്ങൾ ഉണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിയുടെ വാദം. എന്നാൽ സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ മാനസികനിലയിൽ പ്രശ്നമൊന്നും കണ്ടെത്താനായിട്ടില്ലെന്നു കോടതി വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിൽ വിശ്വാസമില്ലെന്നും അതിനാൽ ഓൾ ഇന്ത്യ മെഡിക്കൽ സയൻസസിലെ (എയിംസ്) ഡോക്ടർമാർ പ്രതിയുടെ മാനസികാവസ്ഥ പരിശോധിക്കണമെന്നുമുള്ള പ്രതിഭാഗത്തിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. കേസിൽ സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കിയശേഷം ഹൈക്കോടതിയിൽ പുതിയ ജാമ്യാപേക്ഷ നൽകാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പ്രതി സ്ഥിരം മദ്യപിച്ചു പ്രശ്നമുണ്ടാക്കുന്ന വ്യക്തിയാണെന്നും മദ്യലഹരിയിൽ ഇയാൾ ചെയ്യുന്ന കാര്യങ്ങളെപ്പറ്റി ഉത്തമ ബോധ്യമുണ്ടെന്നും സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷം മേയ് പത്തിനാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദന ദാസിനെ പോലീസ് ചികിത്സയ്ക്കെത്തിച്ച പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്.
ആശുപത്രിയിൽ കത്രികകൊണ്ട് പ്രതി ഡോക്ടറെയും പോലീസുകാരേയുമടക്കം ആക്രമിക്കുകയായിരുന്നു. ഒട്ടേറെ തവണ കുത്തേറ്റ ഡോ. വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.