ജസ്റ്റീസ് യാദവിന്റെ വിദ്വേഷപ്രസംഗം; ഇംപീച്ച്മെന്റ് പ്രമേയവുമായി പ്രതിപക്ഷം
Saturday, December 14, 2024 2:17 AM IST
ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾക്കെതിരേ വിദ്വേഷ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ശേഖർ കുമാർ യാദവിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം രാജ്യസഭാ സെക്രട്ടറി ജനറലിനു സമർപ്പിച്ച് പ്രതിപക്ഷ എംപിമാർ.
കോണ്ഗ്രസ്, ആം ആദ്മി പാർട്ടി, തൃണമൂൽ കോണ്ഗ്രസ്, ആർജെഡി, സിപിഎം തുടങ്ങിയ പാർട്ടികളിൽനിന്നുള്ള 55 രാജ്യസഭാ എംപിമാരാണ് 21 പേജുള്ള പ്രമേയത്തിൽ ഒപ്പിട്ടത്.
വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ ജസ്റ്റീസ് യാദവ് നടത്തിയ പ്രസംഗം വർഗീയവിദ്വേഷം സൃഷ്ടിക്കുന്നതും ഭരണഘടനയുടെ മതനിരപേക്ഷമൂല്യങ്ങൾ ലംഘിക്കുന്നതുമാണെന്നാണ് ഇംപീച്ച്മെന്റ് പ്രമേയത്തിലെ മുഖ്യ ആരോപണം.
ഒരു പൊതുപരിപാടിയിൽ പറഞ്ഞ പ്രസ്താവനയിലൂടെ ജസ്റ്റീസ് തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങൾക്കെതിരേ വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയുടെ ഭാഗത്തുനിന്ന് നിഷ്പക്ഷ വിധികൾ പ്രതീക്ഷിക്കാനാകില്ലെന്നും പ്രമേയത്തിൽ പറയുന്നു.
ജഡ്ജിമാർ പൊതുസംവാദത്തിൽ ഇടപെടരുതെന്നും തീർപ്പു കൽപ്പിക്കാത്ത വിഷയങ്ങളിൽ വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിക്കരുതെന്നും സുപ്രീംകോടതി 1997ലെ ഒരു വിധിപ്രസ്താവത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതിനാൽ വിദ്വേഷപ്രസംഗത്തിലൂടെ ന്യൂനപക്ഷങ്ങൾക്കെതിരേ വിവേചനപരമായ പരാമർശം നടത്തുക, ഭരണഘടനാപരമായ കല്പനകൾ ലംഘിക്കുക തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ജസ്റ്റീസ് യാദവിനെ ഇംപീച്ച് ചെയ്യാമെന്നും പ്രമേയം അവകാശപ്പെട്ടു.
ചുമതലകളിൽ മാറ്റം
വിവാദങ്ങൾക്കിടെ, ജസ്റ്റീസ് യാദവിന്റെ ചുമതലകളിൽ അലഹാബാദ് ഹൈക്കോടതി മാറ്റം വരുത്തി. 2010 വരെയുള്ള കേസുകളിലെ ആദ്യ അപ്പീലുകൾ മാത്രമേ അദ്ദേഹം ഇനി കേൾക്കൂ. മുന്പ് അദ്ദേഹം പ്രധാന കേസുകളും ജാമ്യാപേക്ഷകളും പരിഗണിച്ചിരുന്നു.
ജഡ്ജിയുടെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി അലഹാബാദ് ഹൈക്കോടതിയോടു വിശദീകരണം തേടിയിട്ടുണ്ട്.