ക്ഷേത്ര ട്രസ്റ്റി നിയമനങ്ങളിൽ ജാതി പരിഗണിക്കരുത്: സുപ്രീംകോടതി
Saturday, December 14, 2024 1:17 AM IST
ന്യൂഡൽഹി: ക്ഷേത്രങ്ങളിലെ പാരന്പര്യേതര ട്രസ്റ്റി നിയമനങ്ങളിൽ ജാതി പരിഗണിക്കരുതെന്നു സുപ്രീംകോടതി. ദൈവം ജാതിയുടെ ഭാഷ അംഗീകരിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
തിരുനാവായ ശ്രീ വൈരങ്കോട് ക്ഷേത്രത്തിലെ പാരന്പര്യേതര ട്രസ്റ്റി നിയമനവുമായി ബന്ധപ്പെട്ട കേസിലാണു സുപ്രീംകോടതി ഉത്തരവ്.
ക്ഷേത്രത്തിന്റെ പാരന്പര്യേതര ട്രസ്റ്റികളായി എം.പി. കുമാർ, കെ. ദിലീപ്, ടി.പി. പ്രമോദ്, പി.കെ. ബാബു എന്നിവരെ നിയമിച്ച മലബാർ ദേവസ്വം ബോർഡ് തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഇതിനെതിരായ ഹർജിയാണു ജസ്റ്റീസുമാരായ എം.എം. സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്.
ഹൈക്കോടതിവിധിയിൽ ഇടപെടുന്നില്ലെന്നു വ്യക്തമാക്കിയ കോടതി ഇത്തരം നിയമനത്തിൽ ജാതി പരിഗണിക്കരുതെന്നും നിർദേശിച്ചു.