നടൻ അല്ലു അർജുൻ അറസ്റ്റിൽ; മണിക്കൂറുകൾക്കുള്ളിൽ ജാമ്യം അനുവദിച്ച് ഹൈക്കോടതി
Saturday, December 14, 2024 2:17 AM IST
ഹൈദരാബാദ്: "പുഷ്പ-2’സിനിമയുടെ ആദ്യപ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും യുവതി മരിച്ച കേസിൽ അറസ്റ്റിലായ തെലുങ്ക് സൂപ്പര്‍താരം അല്ലു അര്ജുന് മണിക്കൂറുകള്‍ക്കകം ആന്ധ്രപ്രദേശ് ഹൈക്കോടതി ഇടക്കാല ജാമ്യം നൽകി. നടനാണെന്ന കാരണത്താല്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവസരം നിഷേധിക്കാനാകില്ലെന്ന ന്യായത്തിലാണു ജാമ്യം.
മരിച്ച രേവതിയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് ജൂബിലി ഹില്ലിലുള്ള വീട്ടിലെത്തി നടനെ തെലുങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു. പിന്നാലെ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തതോടെയാണു നടന് ഹൈക്കോടതിയിലെത്തിയത്. തിങ്കളാഴ്ചവരെ അറസ്റ്റ് തടയണമെന്ന വാദവും മജിസ്ട്രേറ്റ് നിരാകരിച്ചിരുന്നു.