പിഎഫ് തുക പിൻവലിക്കാൻ എടിഎം സംവിധാനം
Saturday, December 14, 2024 2:17 AM IST
ന്യൂഡൽഹി: പ്രോവിഡന്റ് ഫണ്ടില്‍നിന്നുള്ള പണം എടിഎം വഴി നേരിട്ടു പിന്‍വലിക്കാന്‍ കഴിയുന്ന സംവിധാനം അവതരിപ്പിക്കാനൊരുങ്ങി എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ).
ഇതിനായി ഇപിഎഫിന്റെ ഐടി സംവിധാനങ്ങളില്‍ മാറ്റം വരുത്തുകയാണെന്നു തൊഴില്‍ മന്ത്രാലയം സെക്രട്ടറി സുമിത്ര ദവ്റ പറഞ്ഞു. 2025 ജനുവരിയിൽ ഇത് പ്രാബല്യത്തില്‍ വരുമെന്നാണു റിപ്പോട്ട്. നിലവിൽ പിഫ് തുക പിൻവലിക്കാൻ ഓൺലൈൻ അപേക്ഷ നൽകി 7-10 ദിവസം കാത്തിരിക്കണം.
പുതിയ മാറ്റത്തോടെ ഇപിഎഫ്ഒ നൽകുന്ന എടിഎം കാർഡ് ഉപയോഗിച്ച് തുക പിൻവലിക്കാം. എന്നാൽ, പിൻവലിക്കാവുന്ന തുകയുടെ പരിധി സംബന്ധിച്ച് ഇപിഎഫ്ഒ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
ഇപിഎഫ്ഒയുടെ ഐടി ഘടനയെ ബാങ്കിംഗ് സംവിധാനത്തിന്റെ നിലവാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നു സുമിത്ര ദവ്റ പറഞ്ഞു. 2025 ജനുവരിയോടെ ഇപിഎഫ്ഒ ഐടി 2.1 ന്റെ പുതിയ പതിപ്പ് പുറത്തിറക്കും. ഈ പുതിയ സംവിധാനത്തിൽ പിഎഫ് അവകാശികള്‍ക്കും ഗുണഭോക്താക്കള്‍ക്കും ഇന്‍ഷ്വര്‍ ചെയ്ത വ്യക്തികള്‍ക്കും എടിഎം വഴി നേരിട്ട് പണം പിന്‍വലിക്കാന്‍ കഴിയും.