കന്നിപ്രസംഗത്തിൽ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി
Saturday, December 14, 2024 2:17 AM IST
ന്യൂഡൽഹി: ലോക്സഭയിലെ കന്നിപ്രസംഗത്തിൽ മണിപ്പുർ, വയനാട്, സംബാൽ, അദാനി വിഷയങ്ങൾ ഉയർത്തി വയനാട് എംപി പ്രിയങ്ക ഗാന്ധി.
ഇന്നലെ ലോക്സഭയിൽ ആരംഭിച്ച ഭരണഘടനാ ചർച്ചയിൽ പങ്കെടുത്തായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനുമെതിരേ പ്രിയങ്ക ആഞ്ഞടിച്ചത്. 32 മിനിറ്റ് നീണ്ട പ്രസംഗം 2001 ഡിസംബർ 13ന് പാർലമെന്റ് ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലിയർപ്പിച്ചുകൊണ്ടാണ് ആരംഭിച്ചത്.
ഏതു വിഷയവും അടിയന്തരാവസ്ഥക്കാലത്താണു സംഭവിച്ചതെന്ന് ആരോപിക്കുന്ന ബിജെപി സർക്കാരിനെ പാർലമെന്റ് ആക്രമണം നടന്നത് 2001 ലാണെന്ന് പ്രിയങ്ക ഓർമിപ്പിച്ചു. ബിജെപി സർക്കാരിനു സംഭവിച്ച തെറ്റുകൾ സമ്മതിക്കണമെന്നും എന്തു സംഭവിച്ചാലും നെഹ്റുവിനെ പഴിക്കുന്ന ബിജെപി സർക്കാർ രാജ്യത്തിനുവേണ്ടി എന്ത് ചെയ്തെന്നും പ്രിയങ്ക ചോദിച്ചു.
ഭരണഘടനയെന്നതു സംഘപരിവാർ ആശയങ്ങളല്ലെന്ന് പ്രധാനമന്ത്രി മനസിലാക്കണം. അതു രാജ്യത്തിന്റെ ശബ്ദമാണ്. ജനങ്ങളുടെ സുരക്ഷാകവചമാണു ഭരണഘടന. ബിജെപിസർക്കാർ അതു തകർക്കാൻ ശ്രമിക്കുകയാണ്. വോട്ടെടുപ്പ് ബാലറ്റിലേക്കു മാറ്റിയാൽ യഥാർഥ ജനവിധി തിരിച്ചറിയാൻ കഴിയും.
ബ്രിട്ടീഷ് ഭരണകാലത്തിനു തുല്യമായ ഭീതിയുടെ അന്തരീക്ഷമാണു രാജ്യത്ത് നിലനിൽക്കുന്നത്. രാജാവിന് ജനങ്ങളുടെ മനസറിയാൻ കഴിയുന്നില്ലെന്നും പ്രധാനമന്ത്രിയെ വിമർശിച്ചുകൊണ്ട് പ്രിയങ്ക പറഞ്ഞു.