അല്ലുവിന്റെ അറസ്റ്റ്; ആരാധകർ ഒഴുകിയെത്തി
Saturday, December 14, 2024 2:17 AM IST
ഹൈദരാബാദ്: ‘പുഷ്പ-2’ സിനിമയുടെ ആദ്യപ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും യുവതി മരിച്ച കേസിൽ തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് ആയിരക്കണക്കിന് ആരാധകർ സ്റ്റേഷനിലും ആശുപത്രി പരിസരത്തും തടിച്ചുകൂടി. രേവതിയുടെ മരണത്തിൽ സൂപ്പർ താരത്തിനെതിരേ പോലീസ് നേരത്തെ കേസെടുത്തിരുന്നു.
കഴിഞ്ഞ നാലിനായിരുന്നു ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ അപകടമുണ്ടായത്. ഇതേത്തുടർന്ന് രണ്ടു ജീവനക്കാരെയും പ്രതിചേർത്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നടനെതിരേയുള്ള നടപടി. അല്ലു അർജുനും തിയറ്ററിൽ എത്തിയതോടെയാണ് തിരക്ക് അനിയന്ത്രിതമായത്. അപകടത്തിൽ പരിക്കേറ്റ രേവതിയുടെ മകൻ ചികിത്സയിലാണ്.
അറസ്റ്റ് ചെയ്യാനായി പോലീസ് വീട്ടിലെത്തിയപ്പോൾ നടൻ കാപ്പി കുടിക്കുകയായിരുന്നു. ഭാര്യ അല്ലു സ്നേഹ റെഡ്ഢി ഉൾപ്പെടെ കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നതായി പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലുണ്ട്.
നടൻ കാപ്പി കുടിച്ചു തീരുന്നതുവരെ പോലീസ് സംഘം കാത്തിരുന്നു. ഇതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റേഷനിലേക്ക് പുറപ്പെടുംമുന്‍പ് ഭാര്യയെ ചുംബിക്കുന്ന നടന്റെ ദൃശ്യവും പ്രചരിക്കുന്നുണ്ട്.
കൊല്ലപ്പെട്ട യുവതിയുടെ കുടുംബം പരാതി നൽകിയതോടെയാണു നടപടിയെടുക്കാൻ നിർബന്ധിതരായതെന്നാണു പോലീസ് ഭാഷ്യം. നടൻ ചിരഞ്ജീവിയടക്കമുള്ള താരങ്ങൾ സിനിമാചിത്രീകരണം നിർത്തിവച്ച് നടന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പരാതി പിൻവലിച്ചു
അല്ലു അർജുന്റെ അറസ്റ്റിനു പിന്നാലെ നാടകീയ സംഭവങ്ങൾ. നടന്റെ അറസ്റ്റിലേക്കു നയിച്ച പരാതി പിൻവലിച്ചതായി കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവ് അറിയിച്ചു. തന്റെ പരാതിയില്‍ നടന് അറസ്റ്റിലായ വിവരം അറിഞ്ഞില്ലെന്ന് കൊല്ലപ്പെട്ട രേവതിയുടെ ഭര്‍ത്താവ് ഭാസ്കര്‍ പറയുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
കേസ് പിൻവലിക്കാൻ തയാറാണ്. നടനെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് അറിയില്ല. തിക്കും തിരക്കും ഉണ്ടായതിൽ നടന് ഒരുതരത്തിലുള്ള പങ്കുമില്ലെന്നും ഭാസ്കർ പറയുന്നതാണ് വീഡിയോ.