മാസപ്പടിക്കേസ് അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ കൈമാറും: എസ്എഫ്ഐഒ
Wednesday, December 4, 2024 2:50 AM IST
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിൽ അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എസ്എഫ്ഐഒ വ്യക്തമാക്കി.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണോ എന്ന കാര്യത്തിൽ അന്തിമതീരുമാനം കേന്ദ്ര സർക്കാരിന്റേതാണെന്നും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ കേന്ദ്രസർക്കാരിന് കൈമാറും. ആദായ നികുതി സെറ്റിൽമെന്റ് കമ്മീഷന്റെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയല്ല അന്വേഷണം. സ്വതന്ത്ര അന്വേഷണമാണ് നടത്തുന്നതെന്നും എസ്എഫ്ഐഒ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് വീണയുടേതടക്കം 20 പേരുടെ മൊഴികൾ ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. ശശിധരന് കര്‍ത്തയുടെ മകന് ശരണ്‍ എസ്. കര്‍ത്തയുടെ മൊഴിയും എടുത്തിട്ടുണ്ട്.
കരിമണൽ കന്പനിയായ സിഎംആർഎലിൽനിന്ന് ചെയ്യാത്ത സേവനത്തിന്റെ പേരിൽ വീണാ വിജയന്റെ കമ്പനി എക്സാലോജിക് മാസപ്പടി വാങ്ങിയെന്ന പരാതിയിലാണ് എസ്എഫ്ഐഒ കേസ്.
സിഎംആർഎൽ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷൻസ് എന്ന കന്പനിക്ക് നൽകാത്ത സേവനത്തിന് 2017-20 കാലയളവിൽ വലിയ തുക പ്രതിഫലം നൽകി എന്ന ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലാണ് മാസപ്പടി വിവാദത്തിലേക്കു നയിച്ചത്. തുടർന്നാണ് എസ്എഫ്ഐഒ അന്വേഷണം ആരംഭിച്ചത്.
സിഎംആര്‍എലിന്റെ ഹര്‍ജി തള്ളണമെന്നും എസ്എഫ്ഐഒ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. മാസപ്പടി ഇടപാട് ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയതാണെന്നും, മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിഎംആര്‍എല്ലിന്റെ ഹര്‍ജി.