ചൈനയുടെ പിന്തുണയോടെ പാക്കിസ്ഥാൻ വളരുന്നുവെന്ന് നാവികസേനാ മേധാവി
Tuesday, December 3, 2024 2:14 AM IST
ന്യൂഡൽഹി: ചൈനയുടെ പിന്തുണയോടെ പാക്കിസ്ഥാൻ നാവികസേന അദ്ഭുതകരമായി വളരുന്നുവെന്നു നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി.
ചൈനയ്ക്ക് പാക്കിസ്ഥാന്റെ നാവിക സേന കരുത്താർജിക്കണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് യുദ്ധക്കപ്പലുകളും അന്തർവാഹിനികളും നിർമിക്കാൻ ചൈന പിന്തുണ നൽകുന്നതെന്ന് ത്രിപാഠി ചൂണ്ടിക്കാട്ടി. എന്നാൽ, ഇന്ത്യക്ക് സാഹചര്യങ്ങളെപ്പറ്റി അറിവുണ്ടെന്നും അയൽരാജ്യങ്ങളുടെ നീക്കങ്ങളിൽ നിരീക്ഷണം ശക്തമാണെന്നും ത്രിപാഠി പറഞ്ഞു.
ദേശീയ നാവികസേനാ ദിനത്തിന്റെ മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാന്റെ എട്ടു പുതിയ അന്തർവാഹിനികൾക്ക് കനത്ത ആക്രമണശേഷിയുണ്ടെന്നും അൻപത് യുദ്ധക്കപ്പലുകളുള്ള സേനയായി മാറാനാണ് പാകിസ്ഥാന്റെ ശ്രമമെന്നും ത്രിപാഠി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ഫ്രാൻസിൽനിന്ന് 26 റഫാൽ മറൈൻ ഫൈറ്റർ വിമാനങ്ങൾ ഇന്ത്യയിലേക്കെത്തിക്കുമെന്ന് ത്രിപാഠി അറിയിച്ചു.
റഫാൽ മറൈൻ ഫൈറ്റർ വിമാനങ്ങളും മൂന്നു സ്കോർപ്പീൻ അന്തർവാഹിനികളും ഇന്ത്യയിലെത്തിക്കാനുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്. നാവിക സേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 62 കപ്പലുകളുടെയും ഒരു അന്തർവാഹിനിയുടെയും നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം അന്തർവാഹിനിയായ ഐഎൻഎസ് അരിഘാതിൽ നടത്തിയ ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരമായെന്നും നാവിക സേനാമേധാവി അറിയിച്ചു.
ആണവോർജത്തിൽ പ്രവർത്തിക്കുന്ന രണ്ട് അന്തർവാഹിനികൾക്ക് കൂടി കേന്ദ്ര സർക്കാർ അംഗീകാരം നൽകിയെന്നും ത്രിപാഠി പറഞ്ഞു. ആണവോർജത്തിൽ പ്രവർത്തിക്കുന്ന ആറ് അന്തർവാഹിനികൾ വികസിപ്പിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതി.
2037ഓടെ ആദ്യ അന്തർവാഹിനിയുടെയും 2039ഓടെ രണ്ടാമത്തേതിന്റെയും നിർമാണം പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നതായി ത്രിപാഠി പറഞ്ഞു.