കേരളത്തിന് എയിംസ്: പരിഗണിച്ചിട്ടില്ലെന്ന സ്ഥിരം പല്ലവി ആവർത്തിച്ച് കേന്ദ്രം
Wednesday, December 4, 2024 2:50 AM IST
ന്യൂഡൽഹി: കേരളത്തിന് എയിംസ് എന്ന വിഷയത്തിൽ സ്ഥിരം പല്ലവി ആവർത്തിച്ച് കേന്ദ്ര സർക്കാർ. നിലവിലെ ഘട്ടത്തിൽ വിഷയം പരിഗണിച്ചിട്ടില്ലെന്ന മറുപടിയാണ് ഇത്തവണയും കേന്ദ്രസർക്കാർ രാജ്യസഭയിൽ നല്കിയത്.
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ (പിഎംഎസ്എസ്വൈ) കീഴിൽ കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് സജീവ പരിഗണനയിലാണെന്ന് കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി നഡ്ഡ രാജ്യസഭയിൽ ഉറപ്പ് നൽകിയിരുന്നു.
കേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള നിർദേശത്തിന് പിഎംഎസ്എസ് വൈയുടെ നിലവിലെ ഘട്ടത്തിൽ അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് ജോണ് ബ്രിട്ടാസ് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രമന്ത്രി മറുപടി നല്കിയത്.
അടുത്ത കേന്ദ്ര ബജറ്റിലെങ്കിലും കേരളത്തിന് എയിംസ് അനുവദിക്കുമോ എന്ന ചോദ്യത്തിൽനിന്നു കേന്ദ്ര മന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു.
കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് നാല് സ്ഥലങ്ങൾ കേരള സർക്കാർ കണ്ടെത്തിയിരുന്നെങ്കിലും അതിൽ കോഴിക്കോട് ജില്ലയിലെ കിനാലൂരാണ് അടിസ്ഥാന സൗകര്യങ്ങൾ പരിഗണിച്ച് എയിംസിന് അനുയോജ്യമായ സ്ഥലം എന്ന് സംസ്ഥാന സർക്കാർ 2017ൽ തന്നെ നിർദ്ദേശിച്ചിരുന്നു.