ട്രെയിനിലെ കന്പിളിപ്പുതപ്പുകൾ മാസത്തിൽ രണ്ടു തവണ കഴുകാറുണ്ടെന്ന് റെയിൽവേ
സ്വന്തം ലേഖകൻ
Monday, December 2, 2024 4:43 AM IST
ന്യൂഡൽഹി: ട്രെയിനുകളിലെ ശുചിത്വം നിലവാരമുള്ളതാണെന്ന് ഇന്ത്യൻ റെയിൽവേ. എസി കോച്ചുകളിൽ യാത്രക്കാർക്ക് നൽകുന്ന കന്പിളിപ്പുതപ്പുകൾ ഇപ്പോൾ മാസത്തിൽ രണ്ടു തവണ കഴുകാറുണ്ടെന്ന് നോർത്തേണ്‍ റെയിൽവേ വ്യക്തമാക്കി. കന്പിളിപ്പുതപ്പുകളുടെ ശുചിത്വത്തെച്ചൊല്ലി പൊതുജനങ്ങളുടെ ആശങ്ക വർധിക്കുന്നതിനിടെയാണ് യാത്രക്കാരുടെ ശുചിത്വത്തിന് അങ്ങേയറ്റം പ്രാധാന്യം നൽകാറുണ്ടെന്നു റെയിൽവേ വ്യക്തമാക്കിയത്.
2010നു മുന്‍പ് ട്രെയിൻ യാത്രക്കാർക്ക് നൽകുന്ന കന്പിളികൾ സാധാരണയായി മൂന്നു മാസത്തിലൊരിക്കലാണ് കഴുകിയിരുന്നത്. പിന്നീട് ഇത് മാസത്തിലൊരിക്കലായെന്നും ഇപ്പോൾ 15 ദിവസത്തിലൊരിക്കൽ കഴുകാറുണ്ടെന്നും നോർത്തേണ്‍ റെയിൽവേ അറിയിച്ചു.
എസി കോച്ചുകളിൽ യാത്രക്കാർക്ക് നൽകുന്ന ബെഡ് കിറ്റിനോടൊപ്പം അധികമായി ഒരു ബെഡ്ഷീറ്റ് കൂടി നൽകാറുണ്ട്. എല്ലാ രണ്ടാഴ്ച കൂടുന്പോഴും ചൂടുള്ള നാഫ്തലീൻ നീരാവി ഉപയോഗിച്ച് അണുനശീകരണവും നടത്താറുണ്ട്. കന്പിളികളോടൊപ്പം നൽകുന്ന ലിനൻ പുതപ്പ് എല്ലാ ഉപയോഗത്തിന് ശേഷവും കഴുകാറുണ്ട്.
അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് അണുക്കളെ കൊല്ലുന്ന പദ്ധതി ചില ട്രെയിനുകളിൽ ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ പറഞ്ഞു. ഇന്ത്യൻ റെയിൽവേ രാജ്യത്തുടനീളമുള്ള യാത്രക്കാർക്ക് ഒരു ദിവസം മാത്രം ആറു ലക്ഷത്തിലധികം കന്പിളിപ്പുതപ്പുകളാണ് വിതരണം ചെയ്യുന്നത്.