ഡൽഹിയിൽ കോണ്‍ഗ്രസ് സഖ്യത്തിനില്ലെന്ന് ആവർത്തിച്ച് എഎപി
സ്വന്തം ലേഖകൻ
Monday, December 2, 2024 4:43 AM IST
ന്യൂഡൽഹി: അടുത്ത വർഷമാദ്യം നടക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസുമായി സഖ്യം ചേർന്ന് മത്സരിക്കില്ലെന്ന് ആവർത്തിച്ച് ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാൾ.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സഖ്യം ചേർന്നാണ് ഡൽഹിയിൽ കോണ്‍ഗ്രസും എഎപിയും മത്സരിച്ചതെങ്കിലും ഒരു സീറ്റിലും വിജയിക്കാൻ സാധിച്ചിരുന്നില്ല. ഇരു പാർട്ടികൾക്കും മുന്നേറ്റമുണ്ടാക്കാൻ സാധിക്കാതെ വന്നതോടെ ബിജെപിയാണ് ഡൽഹിയിലെ ഏഴു ലോക്സഭാ സീറ്റുകളും തൂത്തുവാരിയത്. ഇതിനു പിന്നാലെയാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസുമായി സഖ്യം ചേരാനില്ലെന്ന എഎപിയുടെ നിലപാട്.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിയുമായി സഖ്യം ചേർന്ന് മത്സരിക്കാൻ കോണ്‍ഗ്രസിലെ മുതിർന്ന ദേശീയ നേതാക്കൾ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും സീറ്റ് ചർച്ചയിൽ ധാരണയിലെത്താതെ വന്നതോടെ എഎപി തനിച്ചു മത്സരിക്കുകയായിരുന്നു.
എഎപിയുടെ ഒറ്റയ്ക്കുള്ള പോരാട്ടം ഇരു പാർട്ടികളെയും തുണയ്ക്കാതെ ബിജെപി വിരുദ്ധ വോട്ടുകൾ പിളരുന്നതിനും കാരണമായിരുന്നു. വിശാല പ്രതിപക്ഷമായ ’ഇന്ത്യ’ സഖ്യത്തിലെ പ്രധാന പാർട്ടികളാണ് എഎപിയും കോണ്ഗ്രസുമെങ്കിലും ഡൽഹിയിൽ സഖ്യത്തിൽ മത്സരിക്കുന്നത് ഇരുപാർട്ടികൾക്കും ഗുണകരമാകില്ലെന്ന നിഗമനത്തിലാണ് നേതാക്കൾ.