ആംഗ്ലോ ഇന്ത്യൻ നേതാക്കൾ കേന്ദ്രമന്ത്രി ജോർജ് കുര്യനെ സന്ദർശിച്ചു
Tuesday, December 3, 2024 1:49 AM IST
ന്യൂഡൽഹി: ഫെഡറേഷൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻസ് ഇൻ ഇന്ത്യ നേതാക്കൾ കേന്ദ്രമന്ത്രി ജോർജ് കുര്യനെ സന്ദർശിച്ചു. അടുത്ത സെൻസസിൽ ആംഗ്ലോ ഇന്ത്യൻ സമുദായത്തിനു പ്രത്യേക കോളം ഉൾപ്പെടുത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
രാജ്യത്ത് ആംഗ്ലോ ഇന്ത്യരുടെ എണ്ണം വെറും 296 മാത്രമാണെന്ന തെറ്റായ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ആംഗ്ലോ ഇന്ത്യക്കാർക്ക് ലോക്സഭയിലും നിയമസഭകളിലും പ്രാതിനിധ്യം നഷ്ടപ്പെട്ട കാര്യം നേതാക്കൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഫെഡറേഷൻ പ്രസിഡന്റും മുൻ എംപിയുമായ ഡോ. ചാൾസ് ഡയസ്, വൈസ് പ്രസിഡന്റ് കോളിൻ ഫിറ്റ്സ് ജെറാൾഡ്, ട്രഷറർ ജെറാഡ് കാർ, ആംഗ്ലോ ഇന്ത്യർക്കുവേണ്ടിയുള്ള ചാപ്ലിൻ ഫാ. നിക്കോളാസ് ഡയസ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.