സസ്പെൻസിന് അന്ത്യം; മഹാരാഷ്ട്ര മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും
Tuesday, December 3, 2024 1:49 AM IST
മുംബൈ/ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട സസ്പെൻസിന് അന്ത്യമാകുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ പേര് നാളെ ഔദ്യോഗികമായി ബിജെപി നേതൃത്വം പ്രഖ്യാപിക്കും. നാളെ ബിജെപി നിയമസഭാകക്ഷി യോഗം ചേർന്നാണു മുഖ്യമന്ത്രിയെ നിശ്ചയിക്കുക.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും കേന്ദ്ര നിരീക്ഷകരായി നിയമസഭാ യോഗത്തിൽ പങ്കെടുക്കും. വ്യാഴാഴ്ച പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി നേതൃത്വം മുന്പേ പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. നാളെ രാവിലെ വിധാൻ ഭവനിലാണ് നിയമസഭാ കക്ഷിയോഗം ചേരുക. ഫഡ്നാവിസിന്റെ ഉറ്റ അനുയായി ആയ മുതിർന്ന ബിജെപി നേതാവ് ഗിരീഷ് മഹാജൻ ഇന്നലെ താനെയിൽ ഏക്നാഥ് ഷിൻഡെയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി.
മുഖ്യമന്ത്രിസ്ഥാനത്തിനുള്ള അവകാശവാദം ഉപേക്ഷിച്ച ഷിൻഡെ കടുത്ത അതൃപ്തിയിൽത്തന്നെയാണെന്നാണു റിപ്പോർട്ട്. ബിജെപിയുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നാണു ഞായറാഴ്ച ഷിൻഡെ അറിയിച്ചത്. എൻസിപി നേതാവ് അജിത് പവാർ ഇന്നലെ ഡൽഹിക്കു പോയി. ഷിൻഡെ മുംബൈയിൽ തുടരുകയാണ്.
ഏക്നാഥ് ഷിൻഡെ പുതിയ സർക്കാരിന്റെ ഭാഗമാകില്ലെന്നും പുറത്തുനിന്നു പിന്തുണ നല്കുമെന്നും ശിവസേന എംഎൽഎ ഭരത് ഗോഗാവാല പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിസ്ഥാനത്തിനു ബിജെപി ഏറ്റെടുക്കുന്പോൾ ഉപമുഖ്യമന്ത്രിസ്ഥാനവും ആഭ്യന്തര വകുപ്പും തങ്ങൾക്കു വേണമെന്ന് ശിവസേന എംഎൽഎ സഞ്ജയ് ഷീർസാത് ആവശ്യപ്പെട്ടു.
ഉപമുഖ്യമന്ത്രിയാകുമെന്ന റിപ്പോർട്ട് ഏക്നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ തള്ളി. കേന്ദ്രമന്ത്രിയാകാൻ അവസരം ലഭിച്ചിട്ടും താൻ സ്വീകരിച്ചില്ലെന്ന് ശ്രീകാന്ത് എക്സിൽ കുറിച്ചു.