ആറ് പള്ളികളുടെ ഭരണം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീംകോടതി
Wednesday, December 4, 2024 2:50 AM IST
ന്യൂഡൽഹി: പള്ളിത്തർക്ക വിഷയത്തിൽ എറണാകുളം, പാലക്കാട് ജില്ലകളിലായുള്ള ആറ് പള്ളികളുടെ ഭരണം ഓർത്തഡോക്സ് സഭയ്ക്കു കൈമാറാൻ സുപ്രീംകോടതി നിർദേശം.
ഈ പള്ളികളിലെ പൊതുസൗകര്യങ്ങളായ ശ്മശാനം, സ്കൂളുകൾ, ആശുപത്രികൾ എന്നിവ എല്ലാ വിഭാഗത്തിലുള്ളവർക്ക് ലഭ്യമാക്കണമെന്നും ജസ്റ്റീസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇതു സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാൻ ഓർത്തഡോക്സ് സഭയോട് കോടതി നിർദേശിച്ചു.
2017ലെ സുപ്രീംകോടതി വിധി മാനിക്കാൻ യാക്കോബായ സഭയോട് ആവശ്യപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാൻ സഹകരിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. കോടതി വിധി നടപ്പാക്കാൻ ശ്രമിക്കാതിരുന്ന പോലീസിനെയും കോടതി വിമർശിച്ചു.
പള്ളി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഒക്ടോബറിലെ കേരള ഹൈക്കോടതി നിർദേശത്തിനെതിരേ സംസ്ഥാന സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരും യാക്കോബായ സഭയിലെ ചില അംഗങ്ങളും സമർപ്പിച്ച ഹർജികളിലാണ് സുപ്രീംകോടതിയുടെ വിധി.