ഇന്ത്യ-ചൈന ഉഭയകക്ഷിബന്ധത്തിൽ പുരോഗതിയെന്ന് വിദേശകാര്യമന്ത്രി
Wednesday, December 4, 2024 2:50 AM IST
ന്യൂഡൽഹി: ചൈനയുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ പുരോഗതിയുണ്ടായിട്ടുണ്ടെന്നു കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ലോക്സഭയിൽ അറിയിച്ചു.
സമീപകാലത്തു നടത്തിയ സൈനിക, നയതന്ത്ര ചർച്ചകൾ കാരണം അതിർത്തി പ്രശ്നങ്ങൾ പരിഹരിച്ചതായി ജയശങ്കർ പറഞ്ഞു. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ (എൽഎസി) പട്രോളിംഗ് നടത്തുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ സമവായത്തിലെത്തിയിട്ടുണ്ട്.
അതിർത്തി തർക്കത്തിൽ ചൈനക്കുംകൂടി സ്വീകാര്യമായ ചട്ടക്കൂടിലെത്തുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ജയശങ്കർ സഭയെ അറിയിച്ചു.
2020 ഏപ്രിൽ-മേയ് മാസങ്ങളിൽ ചൈന കിഴക്കൻ ലഡാക്കിൽ നടത്തിയ സൈനികവിന്യാസമാണ് ഗാൽവൻ താഴ്വാര സംഘർഷമടക്കമുള്ള ഏറ്റുമുട്ടലുകളിലേക്കു നയിച്ചതെന്ന് ജയശങ്കർ വ്യക്തമാക്കി. സംഘർഷങ്ങൾക്കുശേഷം അതിർത്തിയിൽ ശക്തമായ പ്രതിരോധം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായി.
അടുത്തിടെ നടത്തിയ ചർച്ചകളിലൂടെ അതിർത്തി പ്രശ്നങ്ങളിൽ പരിഹാരമുണ്ടായിട്ടുണ്ടെങ്കിലും അതിർത്തി പ്രശ്നത്തിൽ വ്യക്തമായ സമീപനം നടത്തിയില്ലെങ്കിൽ ഉഭയകക്ഷി ബന്ധം സാധാരണ നിലയിൽ തുടരില്ലെന്നു ജയശങ്കർ ചൂണ്ടിക്കാട്ടി.