ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി ഫഡ്നാവിസ്
Wednesday, December 4, 2024 2:50 AM IST
മുംബൈ: മഹാരാഷ്ട്ര കാവൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഇന്നലെ കൂടിക്കാഴ്ച നടത്തി. ഷിൻഡെയുടെ ഔദ്യോഗിക വസതിയായ വർഷയിലായിരുന്നു കൂടിക്കാഴ്ച.
ഇന്നലെ സ്വകാര്യ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയനായ ഷിൻഡെ മടങ്ങിയെത്തിയശേഷമായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞയാഴ്ച ഡൽഹിയിൽ ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയശേഷം ആദ്യമായാണ് ഷിൻഡെയും ഫഡ്നാവിസും നേരിൽ കാണുന്നത്.
ഏതാനും ദിവസമായി താനെയിലെ വസതിയിലാണു ഷിൻഡെ താമസിക്കുന്നത്. ഇന്നലെ രാവിലെയാണു ഷിൻഡെ ആശുപത്രിയിലെത്തി വൈദ്യപരിശോധനകൾക്കു വിധേയനായത്. ചെക്കപ്പിനാണ് ആശുപത്രിയിലെത്തിയതെന്നും ആരോഗ്യം നല്ല നിലയിലാണെന്നും ഷിൻഡെ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഷിൻഡെയ്ക്കു തൊണ്ടയ്ക്കു പ്രശ്നവും പനിയും അണുബാധയുമുണ്ടെന്ന് ഒരു ഡോക്ടർ പറഞ്ഞു. അദ്ദേഹത്തെ എംആർഐ സ്കാനിംഗിനു വിധേയനാക്കിയെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ബിജെപി നിയമസഭാ കക്ഷി യോഗം ഇന്നു രാവിലെ ചേരും. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് ഉന്നത ബിജെപി നേതാക്കൾ നേരത്തേതന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. വകുപ്പുവിഭജനമാണ് മഹായുതി നേരിടാൻ പോകുന്ന പ്രതിസന്ധി.
മുഖ്യമന്ത്രിപദം ഒഴിയുന്നതിനു പകരം ആഭ്യന്തര വകുപ്പ് വേണമെന്ന് ശിവസേന ആവശ്യപ്പെടുന്നു. ഇത് അംഗീകരിക്കാൻ ബിജെപി തയാറാകില്ലെന്നാണ് റിപ്പോർട്ട്.
വ്യാഴാഴ്ച മുഖ്യമന്ത്രിയായി ആരു സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ 2000 വിവിഐപികളും 40,000 ബിജെപി പ്രവർത്തകരും പങ്കെടുക്കും.