പ്രക്ഷോഭവുമായി വീണ്ടും കർഷകർ; ‘ദില്ലി ചലോ’ മാർച്ച് ആരംഭിച്ചു
Tuesday, December 3, 2024 2:14 AM IST
ന്യൂഡൽഹി: വിളകൾക്ക് മിനിമം താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കർഷകർ ഡൽഹിയിലേക്ക് നടത്തുന്ന ദില്ലി ചലോ മാർച്ച് ആരംഭിച്ചു.
സംയുക്ത് കിസാൻ മോർച്ച, ഭാരതീയ കിസാൻ പരിഷദ്, കിസാൻ മസ്ദൂർ മോർച്ച തുടങ്ങിയ സംഘടനകളുടെ നേത്യത്വത്തിൽ ആയിരത്തോളം കർഷകരാണ് ഉത്തർപ്രദേശ്-ഡൽഹി അതിർത്തിയായ നോയിഡയിൽനിന്ന് ഡൽഹിയിലേക്ക് പ്രക്ഷോഭമാരംഭിച്ചത്.
നോയിഡയിൽ ശക്തമായ പോലീസ് വിന്യാസത്തോടെ ബാരിക്കേഡുകൾ ഉപയോഗിച്ച് വഴി തടഞ്ഞിരുന്നുവെങ്കിലും ബാരിക്കേഡുകൾ തകർത്തു കർഷകർ മുന്നേറിയതോടെ ഡൽഹി-നോയിഡ അതിർത്തികളിൽ വൻ ഗതാഗതക്കുരുക്കുണ്ടായി.
പിന്നീട് പോലീസ് കർഷക പ്രതിനിധികളുമായി സംസാരിച്ചു പ്രക്ഷോഭകരെ നീക്കിയതിനു ശേഷമാണു ഗതാഗതം പുനഃസ്ഥാപിച്ചത്. ശീതകാല സമ്മേളനം നടക്കുന്ന പാർലമെന്റിലേക്ക് ഡിസംബർ ആറിനു മാർച്ച് ചെയ്തെത്താനാണ് പ്രക്ഷോഭകർ ലക്ഷ്യംവച്ചിരിക്കുന്നത്.
മിനിമം താങ്ങുവിലക്ക് നിയമപരമായ ഉറപ്പു നൽകുക, കാർഷിക വായ്പകൾ പൂർണമായി എഴുതിത്തള്ളുക, കർഷകർക്ക് പെൻഷൻ അനുവദിക്കുക, പുതിയ കാർഷിക നിയമങ്ങൾക്ക് കീഴിൽ വില നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തുന്നത്.
അതിനിടെ കർഷകർ ഹൈവേകൾ തടയരുതെന്നും ജനജീവിതം സ്തംഭിപ്പിക്കാതെ പ്രതിഷേധം നടത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.