അജ്മീർ ദർഗ: പ്രധാനമന്ത്രിക്കു പ്രമുഖരുടെ കത്ത്
Monday, December 2, 2024 4:43 AM IST
ന്യുഡൽഹി: അജ്മീർ ദർഗയിൽ സർവേ നടത്താൻ പ്രാദേശിക കോടതി ഉത്തരവിട്ട പശ്ചാത്തലത്തിൽ മതസൗഹാർദം തകർക്കാനുള്ള വിനാശകരമായ നീക്കത്തിനു തടയിടണമെന്നാവശ്യപ്പെട്ട് പ്രമുഖർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു.
നയതന്ത്രജ്ഞർ ഉൾപ്പെടെ മുൻ ഉദ്യോഗസ്ഥരാണു രാജ്യത്തിന്റെ സമാധാന അന്തരീക്ഷത്തിനുമേലുള്ളആശയപരമായ ആക്രമണത്തിനു തടയിടണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു കത്തു നല്കിയത്.
പന്ത്രണ്ടാം നൂറ്റാണ്ടിലെ സൂഫിവര്യനായ ഖ്വാജ മൊയ്നുദ്ദിൻ ചിഷ്തിയുടെ വാർഷിക ഉറൂസിന്റെ സമയത്ത് പ്രധാനമന്ത്രി സന്ദേശമയച്ച വിവരം കത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്.
മുൻ ഡൽഹി ലഫ്. ഗവർണർ നജീബ് ജംഗ്, യുകെയിലെ മുൻ ഹൈക്കമ്മീഷണർ ശിവ് മുഖർജി, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ. ഖുറേഷി, കരസേന മുൻ ഉപമേധാവി ജനറൽ സമീറുദ്ദീൻ ഷാ, റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ രവി വീര ഗുപ്ത എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖരാണു കത്തു നല്കിയത്.