പെരിയാറിനും കനിമൊഴിക്കും എതിരായ പരാമർശം: ബിജെപി ദേശീയ സെക്രട്ടറിക്ക് തടവും പിഴയും
Tuesday, December 3, 2024 1:49 AM IST
ചെന്നൈ: പെരിയാർ പ്രതിമ തകർക്കണമെന്ന് ആഹ്വാനം ചെയ്ത ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജയ്ക്കു തടവും പിഴയും.
ഡിഎംകെ എംപി കനിമൊഴിക്കെതിരേ മോശം പരാമർശം നടത്തിയ കേസിലും രാജയെ കോടതി ശിക്ഷിച്ചു. രണ്ട് കേസുകളിലുമായി ആറുമാസം വെറും തടവും 5,000 രൂപ പിഴയുമാണ് ശിക്ഷ. വിധിക്കെതിരേ അപ്പീൽ സമർപ്പിക്കാൻ 30 ദിവസത്തേക്കു ശിക്ഷ മരവിപ്പിച്ചിട്ടുണ്ട്.
ജനപ്രതിനിധികൾക്കെതിരായ ക്രമിനൽ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ശിക്ഷവിധിച്ചത്. ഇ.വി. രാമസ്വാമി പെരിയാറിന്റെ പ്രതിമ തകർക്കണമെന്ന രാജയുടെ പരാമർശത്തിനെതരേ കോടതി ശക്തമായ വിമർശനമാണ് ഉന്നയിച്ചത്.
നിയമവാഴ്ചയുള്ള സമൂഹത്തിന് ഇത്തരത്തിലുള്ള വിഷലിപ്ത പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2018ൽ ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്തതിനു പിന്നാലെയാണ് രാജ സമൂഹമാധ്യമത്തിൽ വിവാദ പരാമർശം നടത്തിയത്.
ലെനിന്റെ പ്രതിമ തകർത്തതുപോലെ തമിഴ്നാട്ടിൽ ഇ.വി. രാമസ്വാമിയുടെ പ്രതിമ തകർക്കണമെന്നായിരുന്നു രാജ ആഹ്വാനം ചെയ്തത്. ഈ കേസിൽ ആറുമാസം വെറുംതടവും 3000 രൂപ പിഴയുമാണ് ശിക്ഷ. കനിമൊഴിക്കെതിരായ പരാമർശത്തിലും ആറുമാസം വെറുംതടവും 3000 രൂപ പിഴയും വിധിച്ചു. തടവു ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും.