നിർമാണത്തിലിരുന്ന ടണൽ ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു
Monday, December 2, 2024 6:40 AM IST
കോട്ട: രാജസ്ഥാനിലെ കോട്ട ജില്ലയിൽ നിർമാണത്തിലിരുന്ന ടണലിന്റെ ഒരു ഭാഗം തകർന്നുവീണ് തൊഴിലാളി മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. ഉത്തരാഖണ്ഡ് ഡെറാഡൂൺ സ്വദേശിയായ ഷംഷേർ സിംഗ് (33) ആണ് മരിച്ചത്.
ഡൽഹി-മുംബൈ എക്സ്പ്രസ്വേയിൽ ശനിയാഴ്ച അർധരാത്രിയിലാണ് അപകടമുണ്ടായത്. അഞ്ചു കിലോമീറ്റർ ദൂരത്തിലാണ് ടണൽ നിർമിച്ചുകൊണ്ടിരിക്കുന്നത്. അപകടവിവരമറിഞ്ഞ് ദേശീയപാതയുടെ നിർമാണ ച്ചുമതലയുള്ള ഉദ്യോഗസ്ഥർ ഉടൻ അപകടസ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുകയും ചെയ്തു.
നാലു തൊഴിലാളികളാണു ടണൽനിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്. ടണലിന്റെ ഒരുഭാഗം ഇടിഞ്ഞുവീണപ്പോൾ ഒരാൾ അവശിഷ്ടങ്ങൾക്കിടെ കുടുങ്ങുകയായിരുന്നുവെന്നും മറ്റു മൂന്നു പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായും അധികൃതർ അറിയിച്ചു.