അഗര്‍ത്തല സംഭവം: ഇന്ത്യന്‍ ഹൈക്കമ്മിഷണറെ ബംഗ്ലാദേശ് വിളിച്ചുവരുത്തി
Wednesday, December 4, 2024 1:51 AM IST
ന്യൂഡല്‍ഹി: അഗര്‍ത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മിഷനില്‍ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ പ്രണയ് വര്‍മയെ വിളിച്ചുവരുത്തി ബംഗ്ലാദേശ് പ്രതിഷേധം അറിയിച്ചു.
ബംഗ്ലാദേശിലെ താത്കാലിക വിദേശകാര്യസെക്രട്ടറി എം. റിയാസ് ഹമിദുള്ളയാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയത്. സുരക്ഷാ കാരണങ്ങളാല്‍ അഗര്‍ത്തല ഹൈക്കമ്മിഷനിലെ സേവനം ഇനിയൊരു അറിയിപ്പുണ്ടാകുംവരെ നിര്‍ത്തിവയ്ക്കുകയാണെന്നും ബംഗ്ലാദേശ് അറിയിച്ചു.
വിസ, നയതന്ത്ര സേവനങ്ങളെല്ലാം അടിയന്തരമായി നിര്ത്തിവച്ചുവെന്നു ബംഗ്ലാദേശ് മിഷന് ഫസ്റ്റ് സെക്രട്ടറി മുഹമ്മദ് അല്‍ അമിന്‍ അറിയിച്ചു.
ഹരേകൃഷ്ണ സന്യാസി ചിന്മയ് കൃഷ്ണ ദാസിനെ ധാക്കയില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ചഅഗര്ത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷന് കെട്ടിടം പ്രതിഷേധക്കാര്‍ വളയുകയും ബംഗ്ലാദേശ് ദേശീയ പതാക കത്തിക്കുകയും ചെയ്തിരുന്നു. ഹൈക്കമ്മിഷന് ഓഫീസിന് മുന്നില്‍ ഹിന്ദു സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
അഗര്‍ത്തലയിലെ സുരക്ഷാ ലംഘനം ഖേദകരമാണെന്നും രാജ്യത്തെ മറ്റ് ബംഗ്ലാദേശ് സ്ഥാപനങ്ങള്‍ക്കായി സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടിയെടുക്കുകയാണെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു.