എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകും?; സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി
Tuesday, December 3, 2024 2:14 AM IST
ന്യൂഡൽഹി: ചെങ്ങന്നൂർ മുൻ എംഎൽഎയായിരുന്ന സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിന് ആശ്രിത നിയമനം നൽകിയ കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി.
പ്രശാന്തിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. എംഎൽഎയുടെ മകന് എങ്ങനെ ആശ്രിതനിയമനം നൽകുമെന്ന് സുപ്രീംകോടതി ചോദിച്ചു.
ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആശ്രിതനിയമനം നൽകാൻ പ്രത്യേക അധികാരമുണ്ടെന്ന് സർക്കാർ വാദിച്ചെങ്കിലും അധികാരം ഇത്തരം കാര്യങ്ങൾക്കല്ല ഉപയോഗിക്കേണ്ടതെന്നു കോടതി വ്യക്തമാക്കി. എന്നാൽ പ്രശാന്ത് ജോലിയിൽ സേവനം ചെയ്തുകൊണ്ടിരുന്നപ്പോൾ ലഭിച്ച ശന്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ചു നൽകേണ്ടതില്ലെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
2018 ജനുവരിയിലാണ് കെ.കെ. രാമചന്ദ്രൻ നായർ അന്തരിച്ചത്. തുടർന്നാണ് മകൻ പ്രശാന്തിനെ പൊതുമരാമത്തു വകുപ്പിൽ പ്രത്യേക തസ്തിക സൃഷ്ടിച്ച് അസിസ്റ്റന്റ് എൻജിനിയറായി നിയമിച്ചത്. എൻജിനിയറിംഗ് ബിരുദമുള്ള പ്രശാന്തിനു പ്രത്യേക തസ്തിക സൃഷ്ടിച്ചു നിയമനം നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. എന്നാൽ നിയമനം ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഈ വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
നിയമനത്തിനായി പ്രത്യേക തസ്തിക രൂപീകരിക്കാൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാർ വാദിച്ചെങ്കിലും ഒരു എംഎൽഎയുടെ മകന് ഇത്തരമൊരു നിയമനം നല്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു.