ജസ്റ്റീസ് മൻമോഹനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു
Wednesday, December 4, 2024 2:50 AM IST
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് മൻമോഹനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി.
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയം നവംബർ 23ന് ജസ്റ്റീസ് മൻമോഹനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നത് സംബന്ധിച്ച ശിപാർശ കേന്ദ്രസർക്കാരിന് കൈമാറിയിരുന്നു. വിജ്ഞാപനം പുറത്തിറക്കിയതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 32ൽനിന്നു 33 ആയി ഉയർന്നു.
2023 സെപ്റ്റംബർ മുതൽ ഡൽഹി ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റീസായി സേവനമനുഷ്ഠിച്ചിരുന്ന ജസ്റ്റീസ് മൻമോഹൻ 2024 സെപ്റ്റംബറിലാണ് ചീഫ് ജസ്റ്റീസായി നിയമിതനാകുന്നത്.
ഹൈക്കോടതി ജഡ്ജിമാരുടെ അഖിലേന്ത്യാ സീനിയോറിറ്റിയിൽ രണ്ടാം സ്ഥാനത്തുള്ള അദ്ദേഹം ഡൽഹി ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയുമാണ്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തേക്കും.