രാഹുൽ ഇന്ന് സംബാൽ സന്ദർശിക്കും; കലാപം ആസൂത്രിതമെന്ന് അഖിലേഷ് യാദവ്
Wednesday, December 4, 2024 2:50 AM IST
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അഞ്ചു കോണ്ഗ്രസ് എംപിമാരും ഇന്ന് സംബാൽ സന്ദർശിക്കുമെന്ന് ഉത്തർപ്രദേശ് കോണ്ഗ്രസ് അധ്യക്ഷൻ അജയ് റായ് അറിയിച്ചു.
കോണ്ഗ്രസ് പ്രതിനിധി സംഘങ്ങളോടൊപ്പം വയനാട് എംപി പ്രിയങ്ക ഗാന്ധിയും സംബാൽ സന്ദർശിക്കാൻ സാധ്യതയുണ്ട്. കലാപബാധിത പ്രദേശമായ സംബാലിലേക്ക് 10 വരെ പുറത്തുനിന്നുള്ളവർക്ക് നിരോധനം നിലനിൽക്കുന്ന സാഹചര്യമായതിനാൽ രാഹുലിന്റെ സന്ദർശനം മാറ്റിവയ്ക്കണമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചിട്ടുണ്ട്.
പ്രദേശത്ത് ഇപ്പോൾ സ്ഥിതിഗതികൾ സാധാരണനിലയിലാണെന്നും രാഹുലിന്റെ സന്ദർശനം പ്രകോപനത്തിലേക്ക് നയിച്ചേക്കാമെന്നും മൊറാദാബാദ് ഡിവിഷണൽ കമ്മീഷണർ പറഞ്ഞു.
സംബാലിൽ മസ്ജിദ് സർവേക്കിടെയുണ്ടായ കലാപത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനു ശേഷം പ്രദേശം പോലീസ് കാവലിലാണ്.
സംബാലിലെ സംഘർഷം രാജ്യത്തെ സമുദായ സാഹോദര്യം തകർക്കാൻ മുൻകൂട്ടി തയാറാക്കിയ പദ്ധതിയാണെന്നു സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ലോക്സഭയിൽ ആരോപിച്ചു.
സംബാലിൽ നടന്ന കലാപം ആസൂത്രിതമാണെന്നും രാജ്യത്തുടനീളം ഖനനം നടത്താനുള്ള ചർച്ചകൾ ഇപ്പോൾ നടക്കുന്നത് ബിജെപിയുടെ പദ്ധതിയുടെ ഭാഗമാണെന്നും അഖിലേഷ് പറഞ്ഞു.