കോണ്‍ഗ്രസിന് ലോക്സഭയുടെ മുൻനിരയിൽ നാല് ഇരിപ്പിടങ്ങൾ
Tuesday, December 3, 2024 1:49 AM IST
ന്യൂഡൽഹി: ലോക്സഭയുടെ മുൻനിരയിൽ കോണ്‍ഗ്രസിനു മൂന്ന് ഇരിപ്പിടങ്ങൾ കൂടി അനുവദിച്ചു ലോക്സഭാ സ്പീക്കർ ഓം ബിർല. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം കോണ്‍ഗ്രസിന്റെ നാല് എംപിമാർക്ക് ഇതോടെ ലോക്സഭയുടെ മുൻനിരയിൽ ഇരിപ്പിടമുറപ്പായി.
ലോക്സഭയിൽ 99 എംപിമാരുള്ളതിന്റെ കരുത്തിലാണ് കോണ്‍ഗ്രസിന് മുൻനിരയിലെ നാല് സീറ്റുകൾ അനുവദിച്ചു കിട്ടിയത്. രാഹുലിന് പുറമേ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഗൗരവ് ഗോഗോയ് എന്നിവരാണ് മുൻനിരയിലെ സീറ്റുകളിലിരിക്കുക.
ഇന്ത്യ സഖ്യത്തിലെ പ്രധാന പാർട്ടിയായ തൃണമൂൽ കോണ്‍ഗ്രസിന് ലോക്സഭയിൽ പ്രത്യേക ഇരിപ്പിടങ്ങൾ അനുവദിക്കണമെന്ന ആവശ്യവും സ്പീക്കർ അംഗീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസിൽനിന്നും ബിജെപിയിൽനിന്നും നിശ്ചിത അകലം പാലിച്ചാണ് തൃണമൂൽ കോണ്‍ഗ്രസ് എംപിമാരുടെ ഇരിപ്പിടങ്ങൾ.
ലോക്സഭയിലെ പുതിയ അംഗമായ പ്രിയങ്ക ഗാന്ധി കൂടുതൽ പരിചയസന്പന്നർക്ക് മുൻനിര സീറ്റ് വിട്ടുകൊടുത്തു നാലാം നിരയിലെ സീറ്റാണ് തെരഞ്ഞെടുത്തത്. ബിജെപിയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ്നാഥ് സിംഗ്, നിധിൻ ഗഡ്കരി, ശിവരാജ് സിംഗ് ചൗഹാൻ എന്നീ നേതാക്കളാണ് മുൻനിരയിലിരിക്കുക. എൻഡിഎ സർക്കാരിന്റെ അഞ്ചു പ്രധാന സഖ്യകക്ഷികൾക്കും ലോക്സഭയുടെ മുൻനിരയിൽ സീറ്റ് അനുവദിച്ചിട്ടുണ്ട്.
ലോക്സഭയിലും രാജ്യസഭയിലും എംപിമാരുടെ പേരുകൾ സീറ്റുകൾക്ക് മുന്നിൽ പ്രദർശിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. പേരടങ്ങുന്ന ബോർഡിൽ ഓരോ എംപിമാർക്കും ലഭിക്കുന്ന വ്യക്തിഗത ഡിവിഷൻ നന്പറുകളും പ്രദർശിപ്പിക്കും.