ഗള്‍ഫ് എയര്‍ കുവൈറ്റിലിറക്കി; ഇന്ത്യക്കാർ 20 മണിക്കൂറോളം കുടുങ്ങി
Tuesday, December 3, 2024 1:49 AM IST
ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് കുവൈറ്റിലിറക്കിയ ഗള്‍ഫ് എയര്‍ വിമാനത്തിലെ ഇന്ത്യന്‍ യാത്രക്കാര്‍ 20 മണിക്കൂറോളം വിമാനത്താവളത്തിൽ കുടുങ്ങി. ബഹ്റിനിൽനിന്നു മാഞ്ചസ്റ്ററിലേക്കു പോയ ഗൾഫ് എയറിന്റെ ജിഎഫ്5 വിമാനമാണ് സാങ്കേതിക തകരാറിനെത്തുടർന്ന് കുവൈറ്റിലിറക്കിയത്.
തങ്ങള്‍ക്ക് വെള്ളമോ ഭക്ഷണമോ ലഭിച്ചില്ലെന്ന് ഇന്ത്യന്‍ യാത്രക്കാര്‍ പറഞ്ഞു. തങ്ങള്‍ക്ക് താമസ സൗകര്യവും ഭക്ഷണവും ബ്ലാങ്കറ്റും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അതൊന്നും ചെവിക്കൊള്ളാന്‍ വിമാന കമ്പനി തയാറായില്ലെന്നു യാത്രക്കാര്‍ പറഞ്ഞു.
നാലു മണിക്കൂര്‍ കഴിഞ്ഞാണ് വെള്ളമെങ്കിലും കിട്ടിയതെന്ന് ഇന്ത്യന്‍ യാത്രക്കാര്‍ പറഞ്ഞു. ഇതോടെ വിഷയത്തില്‍ ഇടപെട്ട് കുവൈറ്റിലെ ഇന്ത്യന്‍ എംബസി രംഗത്തെത്തി. കുവൈറ്റിലെ വീസ ഓണ്‍ അറൈവല്‍ സൗകര്യം ഇന്ത്യന്‍ പൗരന്മാര്ക്ക് ലഭ്യമല്ലാത്തിനാലാണ് അസൗകര്യങ്ങള്‍ നേരിട്ടതെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
യാത്രക്കാര്‍ക്ക് വേണ്ട സൗകര്യം ഉറപ്പാക്കാനും വിമാന കമ്പനിയുമായി ആശയവിനിമയം നടത്താനും ഒരു സംഘം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി.
നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഇന്നലെ രാവിലെ 4.34നു കുടുങ്ങിക്കിടന്ന 60 ഇന്ത്യന്‍ യാത്രക്കാരുമായി ഗള്‍ഫ് എയര്‍ വിമാനം മാഞ്ചസ്റ്റിലേക്ക് തിരിച്ചതായി ഇന്ത്യന്‍ എംബസി എക്സില്‍ കുറിച്ചു. വിമാനം പറന്നുയരുന്നതുവരെ ഉദ്യോഗസ്ഥര്‍ എയര്പോര്ട്ടിലുണ്ടായിരുന്നുവെന്ന് ഇന്ത്യന്‍ എംബസി എക്സില്‍ കുറിച്ചു.