ആന്ധ്രപ്രദേശ് വഖഫ് ബോർഡ് പിരിച്ചുവിട്ടു
Monday, December 2, 2024 4:43 AM IST
അമരാവതി: ആന്ധപ്രദേശ് വഖഫ് ബോർഡ് പിരിച്ചുവിട്ട് ഉത്തരവായി. ഭരണം മെച്ചപ്പെടുത്തുക, വഖഫ് സ്ഥലങ്ങൾ സംരക്ഷിക്കുക, ബോർഡിന്റെ പ്രവർത്തനം മികവുള്ളതാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു വഖഫ് ബോർഡ് പിരിച്ചുവിട്ടതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പതിനൊന്നംഗ വഖഫ് ബോർഡിലേക്ക് മൂന്ന് അംഗങ്ങളെ തെരഞ്ഞെടുത്തുകൊണ്ടും ഏഴു പേരെ നാമനിർദേശംചെയ്തുകൊണ്ടും ഉള്ള ഉത്തരവ് സംസ്ഥന സർക്കാർ പിന്‍വിലിക്കുകയായിരുന്നു. ബോർഡിന്റെ കാര്യക്ഷമമായ പ്രവർത്തനം ലക്ഷ്യമാക്കി നേരത്തേയിറക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കുന്നതായി സർക്കാർ സെക്രട്ടറി ഹർഷവർധൻ വ്യക്തമാക്കി.
ബോർഡിന്റെ രൂപവത്കരണം സംബന്ധിച്ചു കോടതിയിൽ ഹർജി നിലവിലുണ്ട്. ഈ സാഹചരത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കാനാകില്ലെന്നു വ്യക്തമാക്കി ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ സർക്കാരിനു കത്തുനല്‍കിയിരുന്നു. കേസിൽ കോടതി നടത്തിയ നിരീക്ഷണങ്ങളും സർക്കാർ പരിഗണിച്ചു.