പാർലമെന്റ് സ്തംഭിക്കുന്നതിനോട് കേന്ദ്രസർക്കാർ സഹകരിക്കുന്നു: കോണ്ഗ്രസ്
സ്വന്തം ലേഖകൻ
Monday, December 2, 2024 4:43 AM IST
ന്യൂഡൽഹി: പാർലമെന്റ് നടപടികൾ തുടർച്ചയായി സ്തംഭിക്കുന്നതിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്. പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടർച്ചയായി തടസപ്പെടുന്നതിൽ കേന്ദ്ര സർക്കാർ സഹകരിക്കുകയാണെന്നു ജയ്റാം ആരോപിച്ചു.
ശീതകാല സമ്മേളനം തുടങ്ങി നാല് ദിവസമായിട്ടും ലോക്സഭ ആകെ സമ്മേളിച്ചത് 54 മിനിറ്റും രാജ്യസഭ 75 മിനിറ്റുമാണ്. സഭ തുടങ്ങി മിനിറ്റുകൾക്കുള്ളിൽ പിരിച്ചു വിടുന്ന രീതി ദുരൂഹമാണെന്നു ജയ്റാം രമേശിന്റെ ആരോപണം. കേന്ദ്രസർക്കാർ പാർലമെന്റ് പ്രവർത്തിക്കരുതെന്ന് ആഗ്രഹിക്കുന്നതിനാലാണ് പാർലമെന്റ് പിരിച്ചുവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അദാനി, മണിപ്പുർ, സംബാൽ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യങ്ങൾ ഉന്നയിക്കുന്പോഴൊക്കെ പാർലമെന്റ് പിരിച്ചുവിടുകയാണ്. സർക്കാരിന് ഈ വിഷയങ്ങളൊന്നും ചർച്ച ചെയ്യേണ്ടെന്ന നിലപാടാണ്. എന്തുകൊണ്ടാണ് സർക്കാർ ഇത്തരം ചർച്ചകളിൽനിന്ന് ഒഴിഞ്ഞുമാറുന്നത്? പ്രതിപക്ഷം പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി ഉയർത്തുന്പോൾ ബിജെപി എംപിമാർ സഭാ നടപടികൾ പിരിച്ചുവിടാനാണ് പാർലമെന്റിൽ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശീതകാല സമ്മേളനം ഇന്ന് പുനരാരംഭിക്കാനിരിക്കേ അദാനി, മണിപ്പുർ, സംബാൽ വിഷയങ്ങളിൽ സഭകൾ വീണ്ടും പ്രക്ഷുബ്ധമാകാനാണ് സാധ്യത. ബാങ്കിംഗ് നിയമ ഭേദഗതിയടക്കമുള്ള സുപ്രധാന ബില്ലുകൾ ഇന്ന് സഭയിൽ അവതരിപ്പിക്കുന്നുമെന്നാണ് സൂചന. ചൈനയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പുരോഗതി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ന് സഭയിൽ അവതരിപ്പിച്ചേക്കും.