ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്: പുതുച്ചേരിയിൽ ദുരിതം തുടരുന്നു
Monday, December 2, 2024 4:43 AM IST
പുതുച്ചേരി/ ചെന്നൈ: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി രൂപംകൊണ്ട് ശക്തിപ്രാപിച്ച ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ പുതുച്ചേരിയിൽ ഇന്നലെ പെയ്തത് 50 സെന്റിമീറ്റർ റിക്കാർഡ് മഴ. പുതുച്ചേരിയിലേത് മുപ്പതുവർഷത്തിനിടെ ഏറ്റവും ശക്തമായ മഴയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഗതാഗതം സ്തംഭിച്ചു. നിരവധി മരങ്ങൾ കടപുഴകി. താഴ്ന്നപ്രദേശങ്ങളിലെ കെട്ടിടങ്ങൾ കനത്തമഴയിൽ വെള്ളക്കെട്ടിൽ മുങ്ങി.
അതേസമയം, ഇന്നലെ ഉച്ചകഴിഞ്ഞ് കാറ്റിന്റെ ശക്തി ക്ഷയിച്ചതായും തമിഴ്നാടിന്റെ പടിഞ്ഞാറൻമേഖലയിലേക്കു നീങ്ങിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുതുച്ചേരിയിലും കൃഷ്ണനഗറിലുമായി ഇരുനൂറോളം പേരെ സൈന്യം സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയതായി പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി പറഞ്ഞു. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. സബർബർ ട്രെയിനുകൾ സർവീസ് അരംഭിച്ചിട്ടുണ്ട്.
ചെന്നൈ വിമാനത്താവളത്തിൽ ശനിയാഴ്ച നിർത്തിവച്ച ഇൻഡിഗോയുടെ വിമാനങ്ങൾ ഇന്നലെ ഭാഗികമായി സർവീസ് പുനരാരംഭിച്ചു. തമിഴ്നാട്ടിലെ വില്ലുപുരത്തും കടലൂരിലും മഴയ്ക്കു ശമനമില്ല. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനയുടെ 12 സംഘങ്ങളാണ് ദുരിതബാധിത പ്രദേശങ്ങളിലെത്തിയിട്ടുള്ളത്. വൈദ്യുതാഘാതമേറ്റ് ചെന്നൈയിൽ മൂന്നുപേരും പുതുച്ചേരിയിൽ ഒരാളും മരിച്ചതായാണു റിപ്പോർട്ട്.