ബോഫോഴ്സ്: അമേരിക്കയിൽനിന്നു വിവരം തേടാൻ സിബിഐ
Monday, December 2, 2024 4:43 AM IST
ന്യഡൽഹി: ബോഫോഴ്സ് കേസിലെ അഴിമതിയെക്കുറിച്ച് അമേരിക്കന്‍ കോടതിയിൽനിന്നു വിവരം തേടി ജുഡീഷൽ കത്തയയ്ക്കാൻ സിബിഐ തീരുമാനിച്ചു.
1980ൽ നടന്ന ബോഫോഴ്സ് അഴിമതിക്കേസിൽ അമേരിക്കയിലെ സ്വകാര്യ കുറ്റാന്വേഷകൻ മൈക്കിൾ ഹേഴ്സ്മാനിൻനിന്നു കൂടുതൽ വിവരങ്ങൾ തേടി കത്തു നല്‍കാനാണു സിബിഐയുടെ തീരുമാനം. ഇന്ത്യക്കു വിവരം കൈമാറാന്‍ ഹേഴ്സ്മാൻ സമ്മതം പ്രകടിപ്പിച്ചിരുന്നു.
ബോഫോഴ്സ് കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി സിബിഐ പ്രത്യേക കോടതിയിൽ അപേക്ഷ നല്‍കിയിരുന്നു. അമേരിക്കയിൽനിന്നു കൂടുതൽ വിവരങ്ങൾ തേടാനുള്ള തീരുമാനം അന്വേഷണ ഏജൻസി കോടതിയെ അറിയിക്കുകയായിരുന്നു. ഇന്ത്യൻ കോടിതിയിൽനിന്ന് അമേരിക്കൻ കോടതിക്കു കത്തു നല്‍കാനുള്ള നടപടി ഒക്ടോബറിലാണ് അരംഭിച്ചത്. കേസിന്റെ അന്വേഷണത്തെ സഹായിക്കുന്നതിന് ഒരു രാജ്യത്തെ കോടതിയിൽനിന്നു മറ്റൊരു രാജ്യത്തെ കോടതിയിലേക്ക് അയയ്ക്കുന്ന കത്തിന് ലെറ്റർ ഓഫ് റഗോറ്ററി എന്നാണു പറയുന്നത്.
ബോഫോഴ്സ് കേസിൽ 2004-ൽ ഡൽഹി ഹൈക്കോടതി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കുറ്റവിമുക്തനാക്കിയിരുന്നു.