ഫെയ്ഞ്ചൽ: തമിഴ്നാട്ടിൽ ഉരുൾപൊട്ടൽ; ഏഴു മരണം
Tuesday, December 3, 2024 2:14 AM IST
ചെന്നൈ: തമിഴ്നാടിനെയും പുതുച്ചേരിയെയും ഭീതിയിലാഴ്ത്തിയ ഫെയ്ഞ്ചൽ ചുഴലിക്കൊടുങ്കാറ്റ് ദുർബലമായെങ്കിലും കനത്ത മഴ മേഖലയിൽ തുടരുകയാണ്.
രണ്ടുദിവസമായി ലഭിച്ച റിക്കാർഡ് മഴയിൽ തമിഴ്നാട്ടിലെ നിരവധി ജില്ലകൾ വെള്ളത്തിനടിയിലായി. പടിഞ്ഞാറൻ തമിഴ്നാട്ടിലെ കൃഷ്ണഗിരിയും വടക്കന്‍ തമിഴ്നാട്ടിലെ വില്ലുപുരവും പരിസരപ്രദേശങ്ങളും പ്രളയസമാനമായ അവസ്ഥയിലാണ്. വീടുകൾ തകർന്നതുൾപ്പെടെ വ്യാപക നാശനഷ്ടമാണ് രണ്ടിടത്തും.
തിരുവണ്ണാമലൈയില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഉരുള്‍പൊട്ടലിൽ കാണാതായ എഴുപേരുടെ മൃതദേഹങ്ങൾ ഇന്നലെ രാത്രിയോടെ കണ്ടെത്തി. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. ഇടുങ്ങിയ റോഡ് അവസാനിക്കുന്ന ഭാഗത്താണ് ഉരുൾപൊട്ടൽ. മണ്ണുമാന്തി യന്ത്രം എത്തിക്കുക ശ്രമകരമായതിനാൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്.
വില്ലുപുരത്ത് പാളത്തിൽ വെള്ളം കയറിയതിനാൽ പത്തോളം ട്രെയിൻ സർവീസുകൾ റദ്ദാക്കി.കൃഷ്ണഗിരി ഊത്താങ്ക രൈ ബസ് സ്റ്റാൻഡിൽ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒലിച്ചുപോയി.
പോച്ചമ്പള്ളി പോലീസ് സ്റ്റേഷന് മുങ്ങി. 24 മണിക്കൂറിനിടെ 503 മില്ലിലിറ്റര്‍ മഴയാണ് മേഖലയിൽ പെയ്തത്. നഗരത്തിലെ റോഡുകളും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.
തമിഴ്നാട്ടിലെ നിരവധി ജില്ലകളിൽ ഇന്നലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ചെന്നൈ നഗരം സാധാരണ നിലയിലേക്കു തിരിച്ചെത്തുകയാണ്.
അതേസമയം, തമിഴ്നാട്ടിലും പുതുച്ചേരിയിലും താഴ്ന്ന മേഖലകളിൽ ഒറ്റപ്പെട്ടുപോയവരെ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കാൻ രക്ഷാപ്രവർത്തകർ ശ്രമം തുടരുകയാണ്. പുതുച്ചേരിയിൽ പ്രളയബാധിത മേഖലയിൽനിന്ന് സൈന്യം ഒരു കുട്ടിയെ ഇന്നലെ രക്ഷപ്പെടുത്തി. കര്‍ണാടകത്തിലും രണ്ടുദിവസമായി വ്യാപകമഴ തുടരുകയാണ്.
തമിഴ്നാട്ടിലെ പതിനാറ് ജില്ലകളില്‍ മഴഭീഷണി നിലനില്‍ക്കുന്നുണ്ട്. മഴക്കെടുതിയെത്തുടര്‍ന്ന് ഇന്നലെവരെ 16 പേരാണ് സംസ്ഥാനത്ത് മരിച്ചത്.